NEWSPravasi

ഉംറ തീര്‍ഥാടനത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനിയെ മക്കയില്‍ കാണാതായി

മക്ക: ഉംറ തീര്‍ഥാടനത്തിന് എത്തി മക്കയില്‍ കാണാതായ മലയാളി തീര്‍ഥാടകയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്. ബഹ്‌റൈനില്‍നിന്ന് അഞ്ച് ദിവസം മുന്‍പാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു.

റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്. ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Signature-ad

റമദാന്‍ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാര്‍ത്താ ഏജന്‍സികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്‌സാപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

മാതാവിനെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ബന്ധപ്പെടണമെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് അഭ്യര്‍ഥിച്ചു. ഫോണ്‍ +966 501843128(സൗദി), +973 34352996 (ബഹ്‌റൈന്‍),+971 528237415(ദുബായ്), +91 9995332510,+91 7025294375,+91 7306467019(ഇന്ത്യ)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: