
ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് 4 മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാർഥിനി പാണത്തൂരിലെ സദാനന്ദന്‍ – ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഡിസംബര്‍ 7നാണ് വിദ്യാർഥിനി ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി ജീവനെടുക്കാൻ ശ്രമിച്ചത്. തുടർന്ന് കോമയിലായ പെണ്‍കുട്ടി മംഗ്ളൂറിലെ ആശുപത്രിയിലും പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ മിംസ് ആശുപത്രിയിലും തുടർന്ന് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. ചൈതന്യയെ വാര്‍ഡൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവത്രേ.
പെൺകുട്ടി ശാരീരിക അവശത നേരിട്ടപ്പോള്‍ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നുമാണ് പറയുന്നത്. ഹോസ്റ്റൽ വാർഡൻ്റെ പീഡനത്തിനെതിരെ വിദ്യാർഥിനികൾ സമരത്തിലായിരുന്നു. പിന്നീട് പൊലീസിൻ്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളിൽ വിദ്യാർഥികളുടെ എല്ലാ ആവശ്യവും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.