
എറണാകുളം പറവൂർ സ്വദേശി ആഷിക്ക് എന്ന 27 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിലൂടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു കൊലപാതകവും അതിനു പിന്നിലെ ഗൂഡാലോചനയുമാണ്. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയത് അങ്ങനെയാണ്.
കൊല്ലപ്പെട്ട ബിജു, ദേവമാത കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. ഈ തര്‍ക്കങ്ങളാണ് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബിജുവിന്റെ ബിസിനസ് പങ്കാളി ജോമോനും മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളുമാണ് പിടിയിലായകത്. ബിജുവിന്റെ മൃതദേഹം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് കണ്ടെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.

വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു.
കാപ്പ ചുമത്തി അറസ്റ്റു ചെയ്ത ആഷിക്ക് എന്ന പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടതായി സമീപവാസികളും വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.
അടിപിടി കേസുകളിൽ പ്രതിയായ ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്താൻ മുനമ്പം ഡിവൈഎസ്പി ഓഫിസിൽനിന്നു നിർദേശം വന്നതോടെ പൊലീസ് ഇയാളെ തിരയാൻ തുടങ്ങി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൊടുപുഴയിലുണ്ടെന്ന് മനസ്സിലായി. തുടർന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. ആഷിക്കിനെ പിടികൂടുന്നത് അവരാണ്. പിന്നീട് വടക്കേക്കര പൊലീസിന് കൈമാറി.
ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളിൽ തൊടുപുഴയിൽ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടർന്ന് ഇയാളിൽ നിന്ന് ശേഖരിച്ച വിവരമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ജോമോനിലേക്കും എത്തിച്ചതും. 6 ലക്ഷം രൂപയ്ക്കാണ് ജോമോൻ ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നും മുൻകൂറായി 12,000 രൂപ നല്‍കി എന്നുമാണ് വിവരം. ആഷിക്കിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി വിപിൻ, എറണാകുളം സ്വദേശിയായ അസ്‌ലം എന്നിവരും പിടിയിലായി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.