
കൊച്ചി: തൃക്കാക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചത് ‘പണി’ സിനിമ മോഡലിലെന്ന് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീരാജ് അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പെണ്‍കുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് പിടിയിലായപ്പോഴാണ് അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ സിനിമയിലെ ദൃശ്യങ്ങള്‍ താന്‍ അനുകരിച്ചാതാണെന്നു ശ്രീരാജ് മൊഴി നല്‍കിയത്. ഒരു പെണ്‍കുട്ടിയുമായി യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ യുവാവിന്റെ തന്നെ വാട്സാപ്പില്‍ സ്റ്റാറ്റസാക്കുകയും ചെയ്തു ഇയാള്‍. കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് ഇയാളെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

താന്തോണിത്തുരുത്ത് സ്വദേശിയായ ശ്രീരാജിനെ (28) രഹസ്യവിവരത്തെ തുടര്‍ന്നാണ് മുളവുകാട് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശ്രീരാജ്. കാപ്പ ചുമത്തിയെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് തുരുത്തില്‍ താമസിക്കുകയായിരുന്നു. പലതവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കായലില്‍ ചാടി രക്ഷപെടുക പതിവായിരുന്നു. മുളവുകാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു.