
ആലപ്പുഴ: പത്ത് വര്‍ഷം മുന്‍പ് ഹരിപ്പാട് നിന്ന് കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി. താമല്ലാക്കല്‍ സ്വദേശിയായ രാകേഷിനെ കാണാതായതില്‍ നടത്തിയ അന്വേഷണത്തില്‍ കുമാരപുരം സ്വദേശി കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധം ശേഖരം കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് കിഷോര്‍.
വിദേശ നിര്‍മിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും തിരച്ചിലില്‍ കണ്ടെത്തി. രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ് കോടതിയ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിര്‍ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന.

2015 നവംബര്‍ അഞ്ചിനാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ രക്തതുള്ളികളും മുടിയിഴകളും രാകേഷിന്റെതാണെന്നും എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദഫലമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് കോടതി സമീപിച്ചത്. ആയുധ ശേഖരം കണ്ടെത്തിയതോടെ കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.