
തിരുവനന്തപുരം: കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്തായിരുന്നു. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാക്കും തേനിച്ചയുടെ കുത്തേറ്റു. അവശനിലയില്‍ ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ഭീഷണി സന്ദേശം എത്തിയത്.