KeralaNEWS

ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളര്‍ത്തുനായ ബ്രൂണോ കൊല്ലപ്പെട്ടതില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്.

കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ‘പെറ്റ’ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Signature-ad

അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാനും അനുമതി നല്‍കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍ ദേവസ്വങ്ങള്‍ പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: