
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റല്‍ പ്രധാന ലഹരി വിപണനകേന്ദ്രമെന്ന് പോലീസ്. അറസ്റ്റിലായ പൂര്‍വ്വവിദ്യാര്‍ത്ഥി മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പോലീസ് പറഞ്ഞു.
കളമശ്ശേരി പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കഴിഞ്ഞ ദിവസമാണ് രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പോലീസിന്റെ പിടിയിലായത്. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാംപസിലെ പഠനകാലത്ത് കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു ഷാലിഖ്.

പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ പലപ്പോഴായി ലഹരി എത്തിച്ചത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന സമയത്ത് രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റളില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പത്തുഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പോലീസ് കണ്ടെത്തി.
അഭിരാജ് എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അഭിരാജിന് എസ്എഫ്‌ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തില്‍ അഭിരാജിനെ പുറത്താക്കിയതാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു.