NEWSWorld

പറക്കുന്ന കാർ എത്തുന്നു: 2.62 കോടിയുടെ, ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യ കാർ പറന്നുയർന്നു; വീഡിയോ കാണാം

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആകാശത്ത് പറക്കുന്ന കാർ യാഥാർഥ്യമാകുന്നു. അമേരിക്കൻ കമ്പനിയായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ സീറോ’ എന്ന പറക്കുന്ന കാറിന്റെ കുതിപ്പിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടു. ഹെലികോപ്റ്ററുകൾ പോലെ പറക്കുന്ന കാറുകളിൽ നിന്ന് വ്യത്യസ്തമായി, അലെഫിന്റെ ഈ പുതിയ കാർ ‘ഫ്ലബ്ബർ’, ‘സ്പേസ്ബോൾസ്’ തുടങ്ങിയ സിനിമകളിലെ പറക്കും കാറുകളുടെ ഓർമകൾ ഉണർത്തുന്നു. ഒരു സാധാരണ കാറിൻ്റെ രൂപകൽപ്പനയിലാണ് ഈ കാറിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്.

കാലിഫോർണിയ ആസ്ഥാനമായുള്ള അലെഫ് എയറോനോട്ടിക്സ് നിർമ്മിച്ച ഈ കാർ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന വിഭാഗത്തിൽ പെടുന്നു. അതായത് വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പറന്നുയരാനും താഴേക്ക് ഇറങ്ങാനും കഴിയുന്ന വാഹനം. സാധാരണ ഹെലികോപ്റ്ററുകൾ പോലെ റൺവേ ആവശ്യമില്ലാതെ എവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കും.

Signature-ad

പൊതുറോഡുകളിൽ നിന്ന് ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം, ഈ ഇലക്ട്രിക് വാഹനം ഒരു തെരുവിലൂടെ വിജയകരമായി ഓടിയ ശേഷം, പാർക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിൽ ഉയർന്നു പറന്നു. നഗരങ്ങളിലെ വ്യോമ ഗതാഗതത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്.

വ്യോമ ഗതാഗതത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതാണ് മോഡൽ സീറോയുടെ കുതിപ്പ്.  ഈ വാഹനം റോഡിൽ നിന്ന് നേരിട്ട് ആകാശത്തേക്ക് പറന്നുയരും. റോഡിലൂടെ ഓടുന്ന കാർ പെട്ടെന്ന് ആകാശത്തേക്ക് പറന്നുയരുന്നത് വീഡിയോയിൽ കാണാം. സാധാരണ റോഡുകളിൽ നിന്നും എവിടെ നിന്നും ഈ വാഹനത്തിന് പറന്നുയരാൻ സാധിക്കും. കാലിഫോർണിയയിലെ സാൻ മാറ്റിയോയിലാണ് ഈ പരീക്ഷണപ്പറക്കൽ നടത്തിയത്. ഒരു കാറിന് മുകളിൽ ഉയർന്നു പറന്ന ശേഷം നിലത്തിറങ്ങി യാത്ര തുടരുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഈ വാഹനത്തിന് പറന്നുയരാൻ സഹായിക്കുന്നത് ഇതിൻ്റെ എട്ട് പ്രൊപ്പല്ലറുകളാണ്. നാലെണ്ണം മുൻവശത്തും നാലെണ്ണം പിൻവശത്തുമാണ് ഉള്ളത്. ഈ പ്രൊപ്പല്ലറുകൾ വാഹനത്തിൻ്റെ വല പോലെയുള്ള ബോഡിക്കുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ, മോഡൽ സീറോയുടെ ഭാരം കുറഞ്ഞ പതിപ്പാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. അടച്ചിട്ട റോഡുകളിലാണ് പരീക്ഷണങ്ങൾ നടത്തിയത്. ഒരു കാർ റോഡിലൂടെ ഓടിയ ശേഷം ഒരു നഗരത്തിനുള്ളിൽ ലംബമായി പറന്നുയരുന്നത് ആദ്യമായാണെന്ന് ഈ കാർ നിർമിച്ച കമ്പനി പറയുന്നു.

https://youtu.be/qZprqkktLcM?si=ypPHFMZoOsWbUgGE

ഈ കാറിന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ എന്നതിനാൽ ഇതിനെ കുറഞ്ഞ വേഗതയുള്ള വാഹനമായാണ് തരംതിരിച്ചിരിക്കുന്നത്. കിറ്റി ഹോക്കിലെ റൈറ്റ് സഹോദരന്മാരുടെ ആദ്യ പറക്കലിനോടാണ് ഈ നേട്ടത്തെ അലെഫ് സിഇഒ ജിം ഡുഖോവ്നി ഉപമിച്ചത്.

ഇലക്ട്രിക് മോട്ടോറുകൾ മറച്ചിരിക്കുന്ന വലപോലുള്ള പുറംഭാഗമാണ് ഇതിനുള്ളത്. വായുവിൽ സഞ്ചരിക്കുമ്പോൾ വാഹനത്തിൻ്റെ ബോഡി 90 ഡിഗ്രി കറങ്ങുകയും വാഹനത്തിൻ്റെ ബോഡി ചിറകുകളായി മാറുകയും ചെയ്യുന്നു. റോഡിൽ സഞ്ചരിക്കുമ്പോൾ ഒരു കാറിൻ്റെ രൂപം നിലനിർത്താൻ ഈ ക്രമീകരണം സഹായിക്കുന്നു. നഗരങ്ങളിലെ പ്രവർത്തനങ്ങൾക്കായി സുരക്ഷ വർദ്ധിപ്പിക്കുന്ന ഒരു സംരക്ഷണ ഗ്രില്ലും ഇതിലുണ്ട്. ഒരു വ്യക്തിക്ക് യാത്ര ചെയ്യാവുന്ന സൗകര്യമാണ് ഇതിലുള്ളത്.

മോഡൽ സീറോയ്ക്ക് 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 160 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചുമുണ്ട്. റോഡിൽ 40 കിലോമീറ്റർ പരമാവധി വേഗതയും സൈക്കിൾ പോലുള്ള ടയറുകളുമാണ് ഇതിലുള്ളത്. അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ എ’ പറക്കും കാറിനെ പ്രോട്ടോടൈപ്പിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണ്. 3,330 മുൻകൂർ ഓർഡറുകളും ഒരു യൂണിറ്റിന് 299,999 ഡോളർ (ഏകദേശം 2.62 കോടി രൂപ) വിലയുമുണ്ട്.

അടുത്ത വർഷം ഉൽപ്പാദനം ആരംഭിക്കും. 2035-ഓടെ നാല് സീറ്റുകളുള്ള ‘മോഡൽ സെഡ് ‘ പറക്കും സെഡാൻ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: