
പുലർച്ചെ 4 മണിക്ക് അമ്മ വിളിച്ചപ്പോൾ ഇവാന ഗാഡ നിദ്രയിൽ ആയിരുന്നു. അമ്മ അവളെ കുലുക്കി വിളിച്ചു. എന്തിനെന്ന് അറിയാതെ അവൾ കണ്ണ് തുറന്നു. പരീക്ഷ ഇല്ലല്ലോ എന്ന് അവൾ ഉറക്കച്ചടവിലും ഓർത്തു…
“നമുക്ക് പള്ളിയിൽ പോകാം. പ്രാർത്ഥിക്കണം:.”
ഷൈനി പറഞ്ഞു…
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു, മക്കൾ കാണാതെ തിരിഞ്ഞു നിന്ന് ഷൈനി കണ്ണ് തുടച്ചു. അപ്പോളും ഇവാന അമ്മയോട് കെഞ്ചി:

“അമ്മാ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ, നേരം പുലർന്നിട്ട് പോയാൽ പോരെ നമുക്ക്..?”
ഷൈനി പെട്ടെന്ന് പൊട്ടിക്കരഞ്ഞു പോയി. മനസ്സിൽ ഇവാനയോട് മാപ്പിരന്നു:
‘മകളെ മാപ്പ്.. മാപ്പ്.. ഈ അമ്മയോട് മാപ്പ്. ഈ ലോകം എനിക്കോ നിനക്കോ ജീവിക്കാൻ പറ്റുന്നതാണോ? ഞാൻ നിങ്ങളെവിട്ടു തനിച്ചു പോയാൽ നിന്റെ പപ്പയും, മറ്റുള്ളവരും നിങ്ങളെ ജീവിക്കാൻ അനുവദിക്കുമോ? അറിയില്ല, എനിക്ക് ഉറപ്പില്ല മക്കളെ, ഞാൻ നിങ്ങളെ വിട്ടു പോയാൽ.. എനിക്ക് അത് ഓർക്കാൻ കൂടി വയ്യ… ‘
അമ്മയും, ചേച്ചിയും ഡ്രസ്സ് മാറിയപ്പോഴും ഇവാന കട്ടിലിൽ തന്നെയായിരുന്നു. അമ്മ നിർബന്ധിച്ച് അവളെ വെള്ള ഉടുപ്പ് അണിയിച്ചപ്പോഴും പോകുവാൻ ഒട്ടും താല്പര്യമില്ലായിരുന്നു. ഗേറ്റ് തുറന്ന് ആദ്യം പുറത്തിറങ്ങിയതും ഇവാന ആയിരുന്നു. അമ്മയ്ക്കും ചേച്ചിക്കും പുറകെ അവൾ ഇറങ്ങി. ഒരിക്കലും തിരിച്ചു വരാത്ത യാത്രയാണ് അതെന്ന് ഇവാന അപ്പോഴും കരുതിയില്ല.
കയ്യിൽ മുറുക്കെ പിടിച്ച് അമ്മ വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഇരുട്ടു പരന്നു കിടന്ന ദുർഘടം പിടിച്ച ആ പാതയിലൂടെ രണ്ടര കിലോമീറ്റർ നടന്നപ്പോഴേക്കും ഇവാന നല്ലതുപോലെ ക്ഷീണിച്ചു. തലേരാത്രി അത്താഴം കഴിക്കാതെയാണ് കിടന്നത്.
റെയിൽവേ ട്രാക്കിനടുത്ത് എത്തിയപ്പോൾ ആ കുരുന്ന് പെൺകുട്ടി ആകെ ഭയന്നുപോയി, അമ്മയോട് ‘വേണ്ട വേണ്ട’ എന്ന് എത്ര തവണ കരഞ്ഞു പറഞ്ഞു. അലറി അടുക്കുന്ന ട്രെയിന്റെ ശബ്ദവും ഹോണും കേട്ടപ്പോൾ ഇവാന പേടിച്ച് വിറച്ചു പോയി…
ഇവാന എന്ന 10 വയസുകാരിയേയും മൂത്തവൾ അലീനയേയും ചേർത്തുപിടിച്ചു കൊണ്ട് ആ പെറ്റമ്മ ഇരുമ്പുപാളത്തിനു നടുവിലേയ്ക്കു കയറി നിന്നു…
‘മോളേ… നീ എത്രമാത്രം ജീവിക്കാൻ കൊതിച്ചിരുന്നു. ഒരു നിമിഷനേരം കൊണ്ട് ഈ ലോക ജീവിതത്തിലെ ഭയവും വേദനയും വിശപ്പും എന്നെന്നേക്കുമായി അവസാനിപ്പിച്ചു… ദുഷ്ടന്മാരുടെ ലോകത്തുനിന്നും ഇവാന നിത്യമായ ശാന്തിയിലേക്ക് പോയി മറഞ്ഞു. നിഷ്കളങ്കയായ നീ എന്തുമാത്രം ആഗ്രഹിച്ചിരുന്നു മരിക്കാതിരിക്കാൻ… 10 വയസ്സു വരെ മാത്രമേ ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും, നിന്റെ കുഞ്ഞുമനസ്സ് അനുഭവിച്ച വേദനയ്ക്കും കഷ്ടപ്പാടുകളും ഞങ്ങൾക്ക് ഓർക്കുവാൻ പോലും സാധിക്കുന്നില്ല. മാപ്പ് ചോദിക്കുവാൻ പോലും യോഗ്യരല്ലാത്ത ദുഷ്ടന്മാരായ ഞങ്ങളിൽ നിന്നും മറഞ്ഞുപോയ നിന്റെ മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു….
അലീന മോൾക്ക് 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവളുടെ പക്വത അതിലും വലുതായിരുന്നു. എത്രമാത്രം ഈ കുഞ്ഞു ജീവിതത്തിൽ നീ അനുഭവിച്ചു കാണും…
ഷൈനി, നീ എന്റെ നാട്ടുകാരിയായിരുന്നു. കരിങ്കുന്നം എന്ന നമ്മുടെ ഗ്രാമത്തിൽ നിങ്ങൾ അനുഭവിച്ച ദുരന്തത്തിലും വേദനയിലും ചേർത്ത് നിർത്തുവാൻ കഴിയാത്ത ഞങ്ങൾ ഓരോരുത്തരും നിങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ്. എങ്ങും തോൽക്കാതെ മക്കളെയും കൊണ്ട് ജീവിക്കുവാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവസാന വഴി തിരഞ്ഞെടുക്കുക അല്ലാതെ നിന്റെ മുൻപിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഒരുവിധത്തിലും വേദനിപ്പിക്കുവാൻ സ്വന്തം മക്കളെ വിട്ടുകൊടുക്കാതെ മാറോട് ചേർത്ത് പിടിച്ച് മരണത്തെ വരിച്ച നിങ്ങളുടെ മുന്നിൽ എല്ലാ ദുഷ്ട ശക്തികളും പരാജയപ്പെട്ടിരിക്കുന്നു. ഈ ദുഷ്ടന്മാരെ പരാജയപ്പെടുത്തി മരണത്തിലേക്ക് നീങ്ങിയ നിങ്ങളെ തോൽപ്പിക്കുവാൻ ഇനി ആർക്കും സാധിക്കുകയില്ല.
ഫെബ്രുവരി 28നാണ് ഷൈനിയും മക്കളായ അലീന, ഇവാന എന്നിവരും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ട്രാക്കിൽ ജീവനൊടുക്കിയത്. പുലര്‍ച്ചെ നാട്ടുകാരാണ് ട്രാക്കിനടുത്ത് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങൾ കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നു.
ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. നോബിയുടെ പീഡനം സഹിക്കവയ്യാതെ മക്കളുമായി ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നു.
ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളെ ഞെട്ടിച്ച ഷൈനിയുടെയും കുരുന്നുകളുടെയും മരണാനന്തര ചടങ്ങുകൾ നടന്ന സ്വന്തം നാടായ ഏറ്റുമാനൂരും സംസ്കാരം നടത്തിയ തൊടുപുഴ ചുങ്കത്തും നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. എന്നാൽ അവിടേക്ക് തിരിഞ്ഞു നോക്കാതെ മാന്യത കാണിച്ച നമ്മുടെയെല്ലാം പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കന്മാർക്കും, സമുദായ നേതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ…!
നിങ്ങളുടെ വിലയേറിയ സമയം ഭാവിയിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുവാൻ സാധ്യതയുള്ള മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി കളയാതിരുന്നത് വളരെ നല്ല തീരുമാനമായിരുന്നു….
സഭയുടെയും പ്രമാണിമാരുടെയും നീരസത്തിന് നിന്നു കൊടുക്കാതെ തങ്ങളുടെ വോട്ട് ബാങ്ക് കാത്ത് സംരക്ഷിക്കുവാൻ നിങ്ങൾ എടുത്ത തീരുമാനം മികച്ചത് തന്നെ!!തെരഞ്ഞെടുപ്പുകളിൽ ഈ ദുഷ്ടന്മാരുടെ പിന്തുണ ഊട്ടിയുറപ്പിക്കുവാനും തിരഞ്ഞെടെപ്പ് വിജയം സുനിശ്ചിതമാക്കുവാനും ഈ തീരുമാനത്തിലൂടെ സാധിച്ചിരിക്കുന്നു.
പണവും സ്വാധീനവും ഇല്ലാത്ത ഷൈനിമാർക്ക് വേണ്ടി ഒരു നിമിഷം പോലും മാറ്റിവെക്കരുത്…. സ്വന്തം മണ്ഡലത്തിലെ, പ്രായാധിക്യം മൂലം മരിച്ചവർക്ക് റീത്തുമായി ഓടിയെത്തുന്ന നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു…!
ജോർജ്കുട്ടി തെക്കേവയലിൽ
ഇറ്റലി