KeralaNEWS

സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തുടരും; സംസ്ഥാന സമിതിയില്‍ ബ്രിട്ടാസും മന്ത്രി ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍

കൊല്ലം: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുഖംമിനുക്കി സി.പി.എമ്മിന്റെ സംസ്ഥാനസമിതി. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. 89 അംഗ സംസ്ഥാനസമിതിയില്‍ ജോണ്‍ ബ്രിട്ടാസ്, ആര്‍. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേര്‍ പുതുമുഖങ്ങളാണ്.

എസ്. ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍), വി.കെ. സനോജ് (കണ്ണൂര്‍), വി. വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂര്‍), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി(തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെ.വി. അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ (കണ്ണൂര്‍), ജോണ്‍ ബ്രിട്ടാസ് (കണ്ണൂര്‍) എന്നിവരാണ് സംസ്ഥാനസമിതിയിലെത്തിയ പുതുമുഖങ്ങള്‍.

Signature-ad

സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. വിമര്‍ശനശരങ്ങള്‍ പലപ്പോഴും പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തുന്നതാണ് സമ്മേളനത്തില്‍ ആദ്യവസാനമുണ്ടായത്. പാര്‍ട്ടി സെക്രട്ടറിക്കെതിരെ പല അംഗങ്ങളും രൂക്ഷ വിമര്‍ശനം സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. മദ്യപാനികള്‍ക്ക് ഇടമില്ല എന്ന നിലപാട് പറഞ്ഞിട്ട് ഒരാളും സമ്മേളനത്തില്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല എന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശനിയാഴ്ച വൈകിട്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം അതേരീതിയില്‍ മറുപടി നല്‍കുകയും ചെയ്തു. അധികാരമോഹികളും നിക്ഷിപ്ത താത്പര്യക്കാരുമാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഉദാഹരണം സഹിതം അദ്ദേഹം മറുപടി നല്‍കി.

പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം എം.വി. ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറായി തിരഞ്ഞെടുക്കും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28 നാണ് എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. സമ്മേളനത്തിലൂടെ അദ്ദേഹം ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെടും. 72 വയസ്സുള്ള ഗോവിന്ദന് അടുത്ത സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പ്രായപരിധി നിബന്ധനയില്‍ വരും.

Back to top button
error: