
മലപ്പുറം: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് റഹിം അസ്ലം. എടവണ്ണ സ്വദേശിയാണ് ഇയാള്‍.
വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹിം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

അതേസമയം, പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍നിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സിലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടു പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍നിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.