NEWS

4 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: ഇന്ത്യക്കാരിയുടെ  വധശിക്ഷ അബുദാബിയിൽ നടപ്പാക്കി

  അബുദാബി: 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാനെ അബുദബിയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. നീണ്ട നിയമപോരാട്ടത്തിനും ദയാഹർജികൾക്കുമൊടുവിലാണ് ഷഹ്‌സാദിയുടെ വധശിക്ഷ  നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം ഈ വിവരം  ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷഹ്സാദി അബുദബിയിലെത്തിയത്. ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറി. നിയമപരമായ വിസ ലഭിച്ച ശേഷം 2021 ഡിസംബറിലാണ് യുവതി അബുദബിയില്‍ എത്തിയത്. 2022 ഓഗസ്റ്റില്‍ തൊഴിലുടമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, അവനെ പരിചരിക്കുന്ന ജോലിയായിരുന്നു ഷഹ്സാദിക്ക്. 2022 ഡിസംബര്‍ 7ന് കുട്ടിക്ക് പതിവ് വാക്‌സിനേഷനുകള്‍ നൽകുകയും അതേ ദിവസം വൈകുന്നേരം കുട്ടി മരിക്കുകയും ചെയ്തു.

Signature-ad

ആശുപത്രി പോസ്റ്റ്‌മോര്‍ട്ടം ശുപാര്‍ശ ചെയ്തിട്ടും, കുട്ടിയുടെ മാതാപിതാക്കള്‍ അത് നിരസിച്ചു. മാത്രമല്ല തുടര്‍ അന്വേഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സമ്മതപത്രം ഒപ്പിടുകയും ചെയ്തു. പിന്നീട്, 2023 ഫെബ്രുവരിയില്‍, യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി സമ്മതിക്കുന്ന വീഡിയോ പുറത്തു വന്നു. എന്നാല്‍, തൊഴിലുടമയും കുടുംബവും പീഡിപ്പിച്ചും ഉപദ്രവിച്ചും സമ്മതിപ്പിച്ചതാണെന്ന് ഷഹ്സാദി വാദിച്ചു. തുടര്‍ന്ന്, യുവതിയെ അബുദബി പൊലീസിന് കൈമാറി. വിചാരണയ്ക്ക് ശേഷം  2023 ജൂലൈ 31ന് വധശിക്ഷ വിധിച്ചു.

വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആണെന്നും പറഞ്ഞ് ഷഹ്‌സാദി കുറച്ചു ദിവസം മുമ്പ് വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകം അറിയുന്നത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും ഷഹ്‌സാദി പറഞ്ഞിരുന്നു. അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ കഴിയുകയായിരുന്നു  അന്ന്  ഷഹ്സാദി. തുടർന്ന് അവരുടെ പിതാവ്  മകളുടെ നിലവിലെ നിയമപരമായ സ്ഥിതി അറിയാനും അവള്‍ ജീവിച്ചിരിപ്പുണ്ടോ അതോ വധിക്കപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനും ആവശ്യപ്പെട്ട് ഫെബ്രുവരി 21ന് വിദേശകാര്യ മന്ത്രാലയത്തിനു കത്തെഴുതി. തുടര്‍ന്ന്,  അതേ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനൊടുവിലാണ് ഫെബ്രുവരി 15-ന് യുവതിയെ വധിച്ചതായും മാര്‍ച്ച് 5ന് ഖബറടക്കം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫെബ്രുവരി 28-നാണ് വിദേശകാര്യ മന്ത്രാലയത്തിന് ഈ വിവരം ലഭിച്ചതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സച്ചിന്‍ ദത്ത ഇതിനെ ‘വളരെ ദൗര്‍ഭാഗ്യകരമായ’ സംഭവമെന്ന് വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: