
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധവും. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളത്. ഇയാള്‍ ടി.പി. വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടില്‍നിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്.
കുട്ടിയുടെ പിതാവ് തന്നെയാകാം ഇത് കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്റര്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്.

ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. ഇയാള്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്.
എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. തലയ്ക്കേറ്റ പരിക്കായിരുന്നു മരണകാരണം. മര്‍ദനമേറ്റ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.