
ലഖ്‌നൗ: മദ്യലഹരിയില്‍ വിവാഹവേദിയിലെത്തി വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തില്‍ മാലചാര്‍ത്തി വരന്‍. ഇതോടെ മദ്യപിച്ച് പരിസരബോധമില്ലാതെ വിവാഹവേദിയില്‍ വൈകിയെത്തിയ വരന്റെ മുഖത്തടിച്ച വധു വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേയ്ലിയിലാണ് സംഭവം. വരന്റെ കുടുബം സ്ത്രീധനം ആവശ്യപ്പെട്ട് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് നാടകീയ സംഭവങ്ങളെന്ന വിവരം പുറത്തുവന്നതോടെ വധുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രവീന്ദ്ര കുമാര്‍ (26) ആണ് വിവാഹച്ചടങ്ങ് മുഴുവന്‍ അലങ്കോലമാക്കിയത്. വധുവിന്റെ കൂട്ടുകാരിയെ ഹാരമണിയിച്ചതിനു പുറമേ മറ്റൊരു ആണ്‍ സുഹൃത്തിന്റെയും മറ്റൊരു അതിഥിയുടെയും കഴുത്തിലും ഇയാള്‍ മാലചാര്‍ത്തി. ഇതോടെ 21-കാരിയായ വധു രാധാ ദേവി വരന്റെ മുഖത്തടിച്ചശേഷം വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. സത്രീധനം പോരെന്ന് വരന്റെ കുടുംബക്കാര്‍ അറിയിച്ചിരുന്നുവെന്ന് വധുവിന്റെ സഹോദരന്‍ പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്കുവേണ്ടി 2.5 ലക്ഷം രൂപയും വിവാഹ ദിവസം രാവിലെ 2 ലക്ഷം രൂപയും വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ട്രക്ക് ഡ്രൈവറായ വരന്‍ കൃഷിക്കാരനാണെന്ന് തെറ്റിധരിപ്പിച്ചെന്നും വധുവിന്റെ കുടുംബം ആരോപിക്കുന്നു.

പത്ത് ലക്ഷം രൂപ വധുവിന്റെ കുടുംബത്തിന് ചടങ്ങുകള്‍ക്കായി ചെലവാക്കേണ്ടി വന്നുവെന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയില്‍ രവീന്ദ്ര കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നവെന്ന് പരിശോധനയില്‍ വ്യക്തമായി.