
ഡൽഹിയുടെ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സോയ ഖാനെ(33) മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിടികൂടിയത് ഇന്നലെയാണ്. അധോലോക കുറ്റവാളി ഹാഷിം ബാബയുടെ ഭാര്യയാണ് സോയ. അന്താരാഷ്ട്രവിപണിയിൽ ഒരുകോടി രൂപ വിലവരുന്ന 225 ഗ്രാം ഹെറോയിനുമായാണ് സോയയെ അറസ്റ്റുചെയ്തത്.
ഇന്നലെ തന്നെയാണ് നിഖില എന്ന പയ്യന്നൂര്‍ സ്വദേശിനിയെ എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്. സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന ഈ പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും ലഹരിയുടെ ഡോണായി അറിയപ്പെടുന്നു. ഇത് മലയാളി സമൂഹത്തെ ശരിക്കും നടുക്കുന്നതാണ്.

ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവിതമാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖിലയുടേത്. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനിയായ നിഖില സെയില്‍സ് ഗേളായി ജോലി ചെയ്തുവരവേ കഞ്ചാവു വില്‍പ്പനയുടെ പേരില്‍ യുവതി പിടിയിലായിരുന്നു.
ഇതിന് ശേഷമാണ് ഇപ്പോള്‍ ഈ 29കാരി എംഡിഎംഎ കേസിലും പിടിക്കപ്പെട്ടത്. ഇവരില്‍ നിന്ന് ലഹരി വസ്തു എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് ഹെറോയിൻ കണ്ടെത്തിയത്. കഞ്ചാവിനേക്കാള്‍ യുവാക്കള്‍ക്കിടയില്‍ എംഡിഎംഎക്ക് താല്‍പ്പര്യം കൂടിയതോടെ ഈ കച്ചവടത്തിലേക്കും യുവതി കടക്കുകയായിരുന്നു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്‌സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്നാണ് വീട്ടില്‍ നിന്ന് രാസലഹരി കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തിരുന്ന നിഖിലയെ ‘ബുള്ളറ്റ് ലേഡി’ എന്നാണറിയപ്പെടുന്നത്.
ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്‌സൈസ് പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ അടക്കം ഇന്ന് അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരിയാണ് നിഖില. ചെറു പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍ക്കുന്നതായിരുന്നു നിഖിലയുടെ രീതി. അതേമാതൃകയില്‍ ചെറിയ അളവില്‍ മെത്താഫിറ്റമിന്‍ വില്‍ക്കുകയാണ് യുവതി ചെയ്തുവന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. നിഖിലയുടെ സംഘാംഗങ്ങളെ കുറിച്ചുംഅന്വേഷണം നടക്കുന്നുണ്ട്.
സുന്ദരിമാരായ പെൺകുട്ടികളെ മാരക മയക്കുമരുന്നുകളുടെ വില്പനക്കാരായി നിയോഗിക്കുന്നത് പുതിയ കാര്യമല്ല. സ്ത്രീകളില്‍ അടക്കം ഈ രാസലഹരിയുടെ ഉപയോഗം വർധിക്കുന്നു. കൗമാരക്കാര്‍ പോലും ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലാണ്.