
ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ ഇക്കാര്യം തിരിച്ചറിയുകയും ഗസറ്റ് വിജ്ഞാപനത്തിലൂടെ മന്ത്രിയുടെ വകുപ്പുകള്‍ സംബന്ധിച്ച വ്യക്തത വരുത്തുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്താന്‍ തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ നേടിയ മന്ത്രിയാണ് ധാലിവാള്‍.
അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചുകൊണ്ട് അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ചത് അമൃത്സറിലേക്ക് ആയിരുന്നു. ഈ സമയത്താണ് പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ധാലിവാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പിന്നാലെയാണ് അദ്ദേഹം ഇല്ലാത്ത വകുപ്പാണ് ഭരിച്ചിരുന്നതെന്ന വിവരം പുറത്തുവന്നത്. കുല്‍ദീപ് സിങ് ധാലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്നും പ്രവാസികാര്യ വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിന് ഉണ്ടാകുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കൃഷിവകുപ്പിന്റെ ചുമതലയാണ് ധാലിവാള്‍ വഹിച്ചിരുന്നത്. 2023 മെയ് മാസത്തില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കൃഷിവകുപ്പിന്റെ ചുമതലയില്‍നിന്ന് അദ്ദേഹത്തെ നീക്കുകയും പ്രവാസികാര്യ വകുപ്പിന്റെ ചുമതല നിലനിര്‍ത്തുകയും ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കുകയും ചെയ്തു. 2024 സെപ്റ്റംബറില്‍ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നുവെങ്കിലും ധാലിവാളിന്റെ രണ്ട് വകുപ്പുകളിലും മാറ്റംവരുത്തിയിരുന്നില്ല. പിന്നീടാണ് ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്ന വിവരം പുറത്തുവന്നത്.
സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിലെ ഭരണം ആം ആദ്മി പാര്‍ട്ടി പരിഹാസ്യമായ രീതിയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇല്ലാത്ത വകുപ്പാണ് പ്രമുഖനായ ഒരു മന്ത്രി ഭരിക്കുന്നത് എന്നകാര്യം തിരിച്ചറിയാന്‍ 20 മാസമെടുത്തു എന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.