KeralaNEWS

അടുത്ത നീക്കവുമായി അന്‍വര്‍, തൃണമൂല്‍ ദേശീയ നേതാക്കളുമായി പാണക്കാട്ട്

മലപ്പുറം: തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തൃണമൂല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പിവി അന്‍വറിനൊപ്പമാണ് നേതാക്കള്‍ സാദിഖലി തങ്ങളെ കാണാനായി പാണക്കാടെത്തിയത്. എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂല്‍ എംപിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം’- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Signature-ad

എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം ഇത് രണ്ടാം തവണയാണ് അന്‍വര്‍ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന തൃണമൂലിന്റെ പ്രതിനിധി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

Back to top button
error: