KeralaNEWS

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു

      സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലമാണ്‌ അപ്രതീക്ഷിത വിയോഗം. 6 വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.

മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍ വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. വി.എൻ വാസവൻ മന്ത്രിയായതോടെ റസൽ സെക്രട്ടറി സ്‌ഥാനത്ത്‌ തുടർന്നു.

Signature-ad

2022 ജനുവരിയിലാണ്‌ എ.വി.റസൽ ആദ്യം സെക്രട്ടറിയായത്‌. 1981ൽ പാർട്ടിയംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാക്കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006-ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.  ജില്ലാ പഞ്ചായത്ത് അംഗമായി 2000ൽ തിരഞ്ഞെടുക്കപ്പെട്ടു.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി.   ഭാര്യ: ബിന്ദു. മകൾ: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകൻ: അലൻ ദേവ് ഹൈക്കോടതി അഭിഭാഷകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: