KeralaNEWS

   കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടി.എം ജെർസണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജെർസണെ ചോദ്യംചെയ്തപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിജിലൻസ് വിശദമായി പരിശോധിച്ചു.

Signature-ad

മുൻപും നിരവധിതവണ ജെർസൺ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഏജന്റുമാരെ നിയോ​ഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നത്.

ഫോർട്ട്‌ കൊച്ചി- ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ്  സജിയെയും രാമ പടിയാറിനെയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ ജെർസണെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരന്റെ സുഹൃത്തിന്റെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ്‌ കഴിഞ്ഞ 3 ന് അവസാനിച്ചിരുന്നു. ഇതേ ബസ്സുടമയുടെ മറ്റൊരു ബസിന് പെർമിറ്റ്‌ അനുവദിക്കുന്നതിന് ആർ.ടി ഓഫീസിൽ അപേക്ഷ നൽകി. തുടർന്ന് ആർ.ടി.ഒ ജെർസൺ  6-ാംതീയതി വരെ താത്‌കാലിക പെർമിറ്റ് അനുവദിച്ചു. ശേഷം പെർമിറ്റ്‌ അനുവദിക്കുന്നത് വൈകിപ്പിച്ചു.

പിന്നീട് ജെർസൺന്റെ നിർദ്ദേശ പ്രകാരം ഏജന്റായ രാമ പടിയാർ പരാതിക്കാരനെ സമീപിച്ചു. പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ  പറഞ്ഞതായി അറിയിച്ചു.‌ പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിച്ചു.

അടുത്ത ദിവസം ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ വെച്ച് പരാതിക്കാരനിൽനിന്ന്‌ സജി 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രാമ പടിയാരെയും പിടികൂടി. തുടർന്ന് ഏജന്റുമാരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആർ.ടി.ഒ. ജെർസണെഅറസ്റ്റ് ചെയ്തത്. ജെർസൺന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടന്ന പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും പണവും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: