
ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ് പാര്‍ട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരെ ഈ യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
20ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖകര്‍, സിനിമാ താരങ്ങള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയായി ഒന്നിലധികം നേതാക്കളുടെ പേര് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ബിജെപി തയാറായിട്ടില്ല. പര്‍വേശ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ്, വിരേന്ദ്ര സച്ച്‌ദേവ, ആശിശ് സൂദ്, രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണു സജീവം. പവന്‍ ശര്‍മ, രവീന്ദ്രര്‍ ഇന്ദ്രജ് സിങ്, കൈലാശ് ഗങ്വാള്‍, ഹരീഷ് കുര്‍ണ എന്നിവരുടെ പേരുകളും നേതൃത്വത്തിനു മുന്നിലുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലുമാണോ നറുക്ക് വീഴുക അതോ പുതിയ മുഖം വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പര്‍വേശ് ശര്‍മ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് 4,089 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പരാജയപ്പെടുത്തിയത്. വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരാനും ബിജെപി കേന്ദ്രനേതൃത്വത്തിന് ആലോചനയുണ്ട്. എങ്കില്‍ രേഖ ഗുപ്ത, ശിഖ റായ് എന്നിവരില്‍ ഒരാള്‍ ഡല്‍ഹിയെ നയിക്കും.