NEWSWorld

ആശങ്കാജനകം: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​ അതീവ ഗുരുതരം

    5 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ  കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 2 ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്.  നേരത്തെ നല്‍കിയ ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Signature-ad

ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോ​ഗമിക്കുന്നു. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

സങ്കീർണമായ അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്നും ആരോ​ഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ലെന്നും നിലവിൽ അദ്ദേഹം സ്വാഭാവിക രീതിയിലാണ് ശ്വാസിക്കുന്നതെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

മാർപാപ്പയ്ക്ക് 20 വയസ്സുള്ളപ്പോൾ, അണുബാധയെ തുടർന്ന് ശ്വാസകോശത്തിന്റെ ഒരുഭാ​ഗം നീക്കം ചെയ്തിരുന്നു. 2021ൽ അ​ദ്ദേഹത്തിന് വൻകുടൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: