IndiaNEWS

സുക്ഷിച്ചാൽ ദു:ഖിക്കണ്ട: പഴയ ഫോൺ പണം കൊടുത്തു വാങ്ങുമ്പോൾ സൂക്ഷിച്ചില്ലേൽ പണികിട്ടും, കേരള പൊലീസിന്റെ മുന്നറിയിപ്പ്

    സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഫോണിന്റെ ചരിത്രം പരിശോധിക്കുക

Signature-ad

ഉപയോഗിച്ച ഫോൺ വാങ്ങുമ്പോൾ അതിന്റെ മുൻകാല ചരിത്രം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. അഥവാ റിപ്പയർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ ആവശ്യപ്പെടുക. ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പർ പരിശോധിക്കാവുന്നതാണ്. ഇത് വഴി ഫോണിന്റെ ആധികാരികത ഉറപ്പുവരുത്താനാകും.

ഫോൺ വാങ്ങുന്നതിന് മുൻപ് അതിന്റെ എല്ലാ ഭാഗങ്ങളും ശ്രദ്ധയോടെ പരിശോധിക്കുക. ഫോണിൽ കേടുപാടുകൾ, സ്ക്രാച്ചുകൾ എന്നിവയുണ്ടോയെന്ന് നോക്കുക. സ്ക്രീനിൽ ഡെഡ് പിക്സലുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുക. ക്യാമറ, സ്പീക്കർ, ബട്ടണുകൾ തുടങ്ങിയവയുടെ പ്രവർത്തനം ശരിയാണോയെന്ന് ഉറപ്പുവരുത്തുക. ഫോണിന്റെ സോഫ്റ്റ്‌വെയർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഹാങ് ആവുന്നില്ലെന്നും ഉറപ്പാക്കുക.

ഫോൺ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നതിന് പുറമെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം. മുൻ ഉടമസ്ഥൻ ഇൻസ്റ്റാൾ ചെയ്ത സംശയാസ്പദമായ ആപ്പുകൾ, ഡാറ്റ ചോർത്തുന്ന ആപ്പുകൾ എന്നിവയുണ്ടോയെന്ന് ശ്രദ്ധിക്കുക. അത്തരം ആപ്പുകൾ കണ്ടാൽ ഫോൺ വാങ്ങാതിരിക്കാൻ ശ്രമിക്കുക.

നിയമാനുസൃത വിൽപ്പനക്കാരിൽ നിന്ന് മാത്രം ഫോൺ വാങ്ങുക. ഓൺലൈൻ മാർക്കറ്റ്‌പ്ലെയ്‌സുകളിൽ നിന്നോ നിങ്ങൾക്ക് അറിയാത്ത വ്യക്തികളിൽ നിന്നോ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. വിൽപനക്കാരനെ നേരിൽ കാണുക. ഇത് വാങ്ങുന്നതിന് മുമ്പ് ഫോൺ പരിശോധിക്കാൻ നിങ്ങൾക്ക് അവസരമൊരുക്കും.

വാങ്ങുമ്പോൾ സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിച്ച് പണം നൽകുക. ക്യാഷ് നൽകുന്നത് പരമാവധി ഒഴിവാക്കുക. ഒരു രസീത് വാങ്ങുക. ഫോൺ തിരികെ നൽകേണ്ടി വന്നാൽ ഇത് നിങ്ങളെ സഹായിക്കും.

ഫോൺ വാങ്ങിയ ശേഷം സുരക്ഷയ്ക്കായി ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുൻ ഉടമയുടെ എല്ലാ ഡാറ്റയും പൂർണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കും. ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ നിങ്ങൾക്കുണ്ടെന്ന് ഇത് ഉറപ്പാക്കും.

എന്താണ് ഡൗൺലോഡ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

ഫോണിലും, ബാങ്കിങ് അപ്പുകളിലും ശക്തമായ പാസ്‌വേഡോ പിൻ നമ്പറോ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സഹായിക്കും. ഫിഷിംഗ് പോലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അറിയപ്പെടാത്തവരിൽ നിന്നുള്ള ഇമെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: