
വിവാഹങ്ങൾ വിസ്മയങ്ങളാണ്. ആചാരങ്ങൾ കൊണ്ടും ചടങ്ങുകൾ കൊണ്ടും പല വിവാഹങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിൻ രാധാകൃഷ്ണനും നടിയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും തമ്മിലുളള വിവാഹവും ഈ നിലയിൽ വൈറലാകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വിവാഹത്തിന് മുന്നോടിയായി സംഗീത്, രംഗോളി തുടങ്ങിയ ആഘോഷങ്ങൾ നടന്നിരുന്നു. 6 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കുശേഷം 7-ാം ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. പവിത്രപ്പട്ട് കൈപ്പറ്റുന്ന ആരതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ സമ്മാനമായി ആരതിക്ക് അച്ഛൻ ഔഡി കാർ സമ്മാനിച്ചു. ഈ സന്തോഷം ആരതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

‘സർപ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും’ ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ൽ അധികം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങൾ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസർബെയ്ജാനിലേക്കാണ്.
ബിഗ് ബോസ് കഴിഞ്ഞതിനു പിന്നാലെയുള്ള ഒരു അഭിമുഖത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഒരു വർഷത്തിനുള്ളിൽ വിവാഹം എന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നതെങ്കിലും വിവാഹം വൈകി. ഇതിനിടയിൽ ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു.