
തിരുവനന്തപുരം: നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല.
മകനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവന്‍. പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു.

തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലില്‍ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടര്‍ന്നാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നു.
അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ധ്രുവന്‍ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്.
ഒരാഴ്ച മുന്‍പ് ധ്രുവന്‍ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.