
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസ് വിടണഞ്ഞു. കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ 46 ദിവസം നീണ്ട ചികിത്സയിലായിരുന്നു ഉമ തോമസ്. പരിചരിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും കയ്യൊപ്പോടു കൂടിയ മെമന്റോ ആശുപത്രി അധികൃതര്‍ കൈമാറി. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് ഉമ തോമസ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്.
ഡിസംബർ 29ന് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം 2024 എന്ന നൃത്തപരിപാടിക്കിടെയാണ് ഉമ തോമസ് അപകടത്തിൽപെട്ടത്. വിഐപി ഗാലറിയിലൂടെ നടക്കുന്നതിനിടെ എംഎൽഎ 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ ഇരിക്കുമ്പോഴാണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ എംഎൽഎയുടെ തല കോൺക്രീറ്റിൽ ഇടിച്ചതാണ് ഗുരുതര പരിക്കിന് ഇടയാക്കിയത്. ഉടൻ തന്നെ എംഎൽഎയെ റെനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ ആരംഭിച്ചു.

വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റത്. ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതിനെ തുടർന്ന് ജനുവരി 4ന് എംഎൽഎയെ വെൻ്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടായതിനെ തുടർന്ന് ജനുവരി 8ന് മുറിയിലേക്ക് കൊണ്ടുവന്നു. ജനുവരി ഒടുവിൽ ആശുപത്രിവെച്ച് ആദ്യമായി പൊതു പരിപാടിയിൽ വെർച്വലായും ഉമ തോമസ് പങ്കെടുത്തു.
ഇതേസമയം അപകടത്തെ തുടർന്ന് പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഉൾപ്പെടെ ഉള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിതു. അപകട കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. പിപിആർ ലൈസൻസില്ലാതെ സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ച സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എഎം നീതയെ സസ്പെൻഡ് ചെയ്തു. സംഭവസ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആർ ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
‘‘ഏറ്റവും സന്തോഷം വയലാർജി വന്നതിലാണ്. ഗോഡ് ബ്ലസ് യു, മോളേ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്റെ അച്ഛൻ കാണാൻ വന്നതു പോലെയാണു തോന്നിയത്.’’
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും കുറെനാൾ കൂടി ഉമ തോമസിനു വിശ്രമം വേണ്ടി വരും.
ഉമാ തോമസിന്റേത് അത്ഭുതകരമായ തിരിച്ചു വരവാണെന്ന് ഡോക്ടര്‍മാർ പ്രതികരിച്ചു.
‘‘നട്ടെല്ലിനുണ്ടായ പൊട്ടലിന്റെ ബാക്കിയായി പുറത്തു വേദനയുണ്ട്. ഇനി ആയുർവേദ ചികിത്സ ചെയ്യണമെന്നു വിചാരിക്കുന്നു. ഒരു കണ്ണ് അൽപം കൂടി തുറക്കാനുണ്ടെങ്കിലും കാഴ്ചയ്ക്കു കുഴപ്പമില്ല. എല്ലാം ശരിയാകും. ഞാൻ നല്ല വിൽ പവർ ഉള്ളയാളാണ്. പി. ടിയുടെ ഭാര്യയല്ലേ’’
ഉമ ചിരിച്ചു. പ്രതീക്ഷയുടെ നിലാവ് പോലുള്ള ചിരി.