
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച സുപ്രധാന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലേക്കാണ് ഷിന്‍ഡെ എത്താതിരുന്നത്.
ഇതോടെ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറില്‍ കാര്യങ്ങള്‍ അത്ര രസത്തിലല്ല നടക്കുന്നത് എന്ന വിലയിരുത്തലുകളാണ് വരുന്നത്. മഹായുതി സര്‍ക്കാറില്‍ ഷിന്‍ഡെ അസന്തുഷ്ടനാണെന്നാണ് പുറത്തെ സംസാരം. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം വൈകുന്നതില്‍ ഷിന്‍ഡെ വിഭാഗം മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പൂനെ, നാസിക്, നാഗ്പൂര്‍, ഛത്രപതി സാംഭാജിനഗര്‍ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്. യോഗത്തില്‍ ഷിന്‍ഡെ പങ്കെടുക്കല്‍ അനിവാര്യമായിരുന്നു. കാരണം നഗരവികസന വകുപ്പ് അദ്ദേഹത്തിന് കീഴിലാണ് വരുന്നത്. പകരം മലങ്ഗഡ് ഉത്സവത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഏറ്റവും ശ്രദ്ധേയ കാര്യം, അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളില്‍ പോലും ഈ യോഗം ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്.
അതേസമയം കൂടിക്കാഴ്ച ഷിന്‍ഡെയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടി കാരണം പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഷിന്‍ഡെ അറിയിച്ചിരുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍ തന്റ വകുപ്പിന് കീഴില്‍ വരുന്ന ഒരു പരിപാടി ഒഴിവാക്കിയിട്ട് മുഖ്യമന്ത്രി പങ്കെടുത്തത് മലങ്ഗഡ് ഉത്സവമായതിനാലാണ് ഊഹാപോഹങ്ങള്‍ക്ക് കാരണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിനേക്കാള്‍ പ്രധാനമായിരുന്നോ മലങ്ഗഡ് ഉത്സവം എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.
ഷിന്‍ഡെ മനപ്പൂര്‍വ്വം യോഗം ഒഴിവാക്കിയതാണെന്നും എതിരാളികള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം പോയതും അഭ്യന്തര വകുപ്പ് ലഭിക്കാത്തതും ദുരന്ത നിവാരണ സമിതിയില്‍ നിന്ന് ഒഴിവാക്കിയതിലുമുള്‍പ്പെടെ ഷിന്‍ഡെക്ക് ബിജെപിയോടും പ്രത്യേകിച്ച് ഫഡ്നാവിസിനോടും അമര്‍ഷമുണ്ട്.