
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കഴിഞ്ഞ നവംബർ 14ന് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഈ മാസം 14ന് നാട്ടിലെത്തിക്കും. കൊല്ലം ചിതറ സ്വദേശി ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രീതി (32) എന്നിവരാണ് മരിച്ചത്.
വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവദിവസം രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരത്തിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലും പ്രീതിയെ കഴുത്തിൽ തുണിമുറുക്കിയ നിലയിൽ നിലത്തു കടക്കുന്നതുമാണ് കണ്ടത്. ഫോൺ ചെയ്തിട്ടും പ്രതികരണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇയാളെ തിരക്കി താമസ സ്ഥലത്ത് എത്തിയവർ മുട്ടിവിളിച്ചിട്ടും മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സഹായത്തോടെ കതക് തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.

ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലീസ് അന്വേഷണം പൂർത്തിയായതോടെ, നാട്ടിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകുന്ന ബുറൈദ കനിവ് ജീവകാരുണ്യകൂട്ടായ്മ ഭാരവാഹികൾക്ക് വിട്ടുനൽകി.
സുഹൃത്തുക്കളോടൊത്ത് സംഭവത്തിന് തലേദിവസം രാത്രി സന്തോഷപൂർവ്വം ഒത്തുകൂടിയ ഇരുവരും ഫ്ലാറ്റിലെത്തിയശേഷം വാക്കുതർക്കത്തിലേർപ്പെടുകയും പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ശരത് ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് അനുമാനം. 4 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. ഇന്ത്യൻ എംബസി വെളാന്ററിയറും കനിവ് രക്ഷാധികാരിയുമായ ബി. ഹരിലാലിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. എംബാമിങ് പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മുംബൈ വഴി 14 വെള്ളിയാഴ്ച രാവിലെ 8ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും.