CareersNEWS

ജര്‍മനിയില്‍ കെയര്‍ ഹോമുകളിലേക്ക് ആളെ വേണം; നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ അവസരങ്ങള്‍ അനവധി

തിരുവനന്തപുരം: നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മനിയില്‍ അവസരങ്ങളേറെയുണ്ടെന്ന് ബെംഗളൂരുവിലെ ജര്‍മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്ലര്‍. കെയര്‍ ഹോമുകളിലും നഴ്സിങ് ജോലിക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ നൈപുണ്യമുളള ഉദ്യോഗാര്‍ഥികളുടെ (സ്‌കില്‍ഡ് ലേബര്‍) നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജര്‍മനി നല്‍കിയിട്ടുള്ളതെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആനറ്റ് ബേസ്ലര്‍ പറഞ്ഞു.

നിയമപരമായ കുടിയേറ്റത്തിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജര്‍മന്‍ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. നോര്‍ക്ക പോലെ പ്രൊഫഷണലായ സ്ഥാപനവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്ലര്‍ പറഞ്ഞു.

Signature-ad

നോര്‍ക്ക റൂട്ട്സിന്റെ ജര്‍മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതികള്‍ അജിത് കോളശേരി വിശദീകരിച്ചു. നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം 18 മാസത്തില്‍ നിന്നു 12 ആയി കുറയ്ക്കാന്‍ സംയുക്തമായ നടപടികളിലൂടെ സാധിച്ചു. റിക്രൂട്ട്‌മെന്റ് സമയം കുറയ്ക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകളുടെ ജര്‍മന്‍ ട്രാന്‍സിലേഷന്‍ ഉള്‍പ്പെടെയുളള നിയമനനടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ ബി പ്രവീണ്‍, അസിസ്റ്റന്റ് എസ് ഷീബ എന്നിവര്‍ പങ്കെടുത്തു.

 

 

Back to top button
error: