
ആലപ്പുഴ: അമ്മയുടെ പുരുഷസുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് കിരണിന്റെ അയൽവാസി ദിനേശന്റെ മൃതദേഹം കളർകോട് ജഗ്‌ഷന് സമീപം പാടശേഖരത്തിൽ കണ്ടെത്തുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് വ്യക്തമായത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കിരൺ കുറ്റം സമ്മതിച്ചു. അമ്മയും ദിനേശനുമായുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇരുമ്പുതകിടില്‍ വൈദ്യുതി കടത്തിവിട്ടാണ് ദിനേശ(53)നെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്.

രാത്രിവൈകി തന്റെ വീട്ടില്‍നിന്ന് ദിനേശന്‍ പുറത്തിറങ്ങുന്നതു കണ്ടാണ് കിരണ്‍ നേരത്തേ തയ്യാറാക്കിയ കെണിയുടെ സ്വിച്ചിട്ടത്. ഷോക്കേറ്റു നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കാന്‍ കൈകളില്‍ വീണ്ടും ഷോക്കടിപ്പിച്ചു. കിരണും അച്ഛന്‍ കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം പറമ്പില്‍ കൊണ്ടിട്ടത്. അമ്മ അശ്വമ്മ തെളിവു നശിപ്പിക്കാനും കൂട്ടുനിന്നു.
മരപ്പണിക്കാരനാണ് ദിനേശന്‍. വീട്ടില്‍നിന്ന് അകന്നുകഴിയുന്ന ഇയാള്‍ വാടയ്ക്കലിലെ ലോഡ്ജിലാണു താമസം. വെള്ളിയാഴ്ച രാത്രി 10 മണിക്കു ശേഷം ദിനേശന്‍ ലോഡ്ജില്‍നിന്നും ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചു. പിന്നീട്, കുഞ്ഞുമോന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് കിരണും കുഞ്ഞുമോനും നേരത്തേ ഒരുക്കി വച്ച വൈദ്യുതിക്കെണിയില്‍ പെടുത്തി കൊലപ്പെടുത്തിയത്.
വെള്ളക്കെട്ടുള്ള ഇവിടെ മഴക്കാലത്ത് മീന്‍പിടിക്കാന്‍ കിരണ്‍ വൈദ്യുതിക്കെണി ഉപയോഗിക്കും എന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രീഷ്യനെന്ന നിലയില്‍ കിരണിന്റെ കഴിവും കൊലപാതകം എളുപ്പമാക്കി.
പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് 15-ാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശൻ കൊല്ലപ്പെട്ട കേസിൽ കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് മൃതദേഹം ദിനേശന്റെ വീടിനടുത്തുള്ള പറമ്പില്‍ കൊണ്ടിട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ഇതു കണ്ടവര്‍ പൊലീസിനെ അറിയിച്ചത്. ദിനേശന്‍ മദ്യലഹരിയില്‍ കിടക്കുകയാണ് എന്നാണ് ആളുകള്‍ കരുതിയത്. കൊലപാതകത്തിനുശേഷവും കിരണ്‍ ഒന്നുമറിയാത്തതുപോലെ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു എന്നും സംസ്‌കാര ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നു എന്നും ദിനേശന്റെ മകന്‍ വ്യക്തമാക്കി. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കിട്ടാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നില്‍ക്കുമ്പോഴും കിരണ്‍ വിളിച്ചു. ജോലി കഴിഞ്ഞ് ഇപ്പോഴാണ് വന്നതെന്നും വീട്ടിലുണ്ടെന്നും കിരണ്‍ പറഞ്ഞുവത്രേ.
6 മാസം മുമ്പ് ദിനേശനെ കിരണ്‍ അടിച്ചിരുന്നു. അന്ന് ദിനേശന്റെ ബോധം നഷ്ടപ്പെട്ടു എന്ന് മകള്‍ ദീപ്തി പറയുന്നു. കിരണിന്റെ അമ്മയുമായി ബന്ധമുള്ള കാര്യം നേരത്തെ അറിയാമായിരുന്നു. അതുമായി ബന്ധപ്പെട്ട് കിരണും ദിനേശനും തമ്മില്‍ വഴക്കിട്ടിരുന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങളും മറ്റും എടുക്കാനായി ലോഡ്ജില്‍ പോയപ്പോഴും കിരണ്‍ കൂടെയുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അച്ഛനുമായി അധികം ബന്ധമില്ലെന്നും ലോഡ്ജിലാണ് താമസിക്കാറുള്ളതെന്നും മകള്‍ പറയുന്നു. അച്ഛന്‍ ഫോണില്‍ വിളിക്കുകയോ വീട്ടില്‍ വരികയോ ചെയ്യാറില്ലെന്നും മകള്‍ വ്യക്തമാക്കി.