
ചെന്നൈ: കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍നിന്ന് ഉള്‍പ്പെടെ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു വ്യാജസൈറ്റും തയ്യാറാക്കിയത്. വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തിച്ചിരുന്നെന്നാണ് കരുതുന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലെ തിരുനള്ളാര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതരസംസ്ഥാനത്തും വിദേശങ്ങളിലും താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈനില്‍ പൂജകളും അര്‍ച്ചനകളും മറ്റും ബുക്ക് ചെയ്യുകയും അതിന് പണം വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. രൂപയിലും ഡോളറിലും പണം വാങ്ങിയിരുന്നു.

ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും അര്‍ച്ചന ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പ്രസാദം തപാല്‍, കൂറിയര്‍ മാര്‍ഗത്തില്‍ അയച്ചുനല്‍കുകയാണ് പതിവ്. ഇ-കാണിക്ക സമര്‍പ്പിക്കാനുള്ള സൗകര്യവും വെബ് സൈറ്റിലുണ്ട്. ഇതേ രീതിയില്‍ത്തന്നെയായിരുന്നു വ്യാജ വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം. ക്ഷേത്രത്തിലെത്തന്നെ പ്രസാദവുംമറ്റും ബുക്ക് ചെയ്യുന്നവര്‍ക്ക് അയച്ചുനല്‍കേണ്ടതിനാല്‍ സമീപപ്രദേശത്തുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.