
കാസർകോട് ജില്ലയിലെ ചീമേനിയിൽ വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്ടിച്ചു. ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളാണത്രേ പിന്നിൽ. ചീമേനി നിടുംബയിലെ എൻ മുകേഷിൻ്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. ഇന്നലെ (തിങ്കൾ) രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയിലായിരുന്നു കവർച്ച.
സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എൻജിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികൾ കുറച്ച് നാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു.

കിടപ്പ് മുറിയിൽ കടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. സ്യൂട്കേസ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടാൽ ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.