
ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രശസ്ത നടിയായ കാമുകിക്കായി 3 കോടിയുടെ അഡംബരവീട് നിർമിച്ചു നൽകിയ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്.
പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നാൽ സ്ത്രീകളുമായുള്ള ബന്ധം വളരെ വ്യാപകമായിരുന്നു. 2003-ൽ കൗമാരകാലത്തു തന്നെ ഇയാൾ മോഷണം ആരംഭിച്ചു. 2009-ഓടെ ഒരു പ്രൊഫഷണൽ കള്ളനായി മാറി. കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ചു. 2014- ’15 ൽ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായി. നടിക്കു വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ 3 കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു.

2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് 6 വർഷം തടവിന് ശിക്ഷിച്ചു. അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസും ഇയാളെ അറസ്റ്റ് ചെയ്തു. 2024-ൽ മോചിതനായ ശേഷം തന്റെ താവളം ബംഗളൂരുവിലേക്ക് മാറ്റി, അവിടെ വീണ്ടും മോഷണം തുടങ്ങി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മഡിവാല പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മഡിവാല മാർക്കറ്റ് ഏരിയക്ക് സമീപം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റാൻ ഇയാൾ ഉപയോഗിച്ച ഇരുമ്പ് വടിയും ഫയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളിൽ നിന്ന് നിർമ്മിച്ച എല്ലാ സ്വർണ്ണ, വെള്ളി ബിസ്കറ്റുകളും മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള തന്റെ വസതിയിൽ സൂക്ഷിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തി. കുറ്റകൃത്യങ്ങൾ ചെയ്തശേഷം, സംശയം തോന്നാതിരിക്കാൻ സ്വാമി റോഡിൽ വെച്ച് വസ്ത്രം മാറ്റാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്ന സ്വാമി, പിതാവിന്റെ മരണശേഷം മാതാവിന് റെയിൽവേ വകുപ്പിൽ നഷ്ടപരിഹാര ജോലി ലഭിച്ചു. സ്വാമിയുടെ പേരിലും ഒരു വീടുണ്ട്. എന്നാൽ, തിരിച്ചടക്കാത്ത വായ്പകൾ കാരണം ബാങ്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ബെംഗ്ളുറു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാറ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.