
ന്യൂഡല്‍ഹി: കേരളത്തിനുള്ള റെയില്‍വേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരും. നൂറു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഓടുന്ന നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ നമോ ഭാരത് ട്രെയിനുകളും വരും. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി.

2.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത്. 17,500 ജനറല്‍ കോച്ചുകള്‍, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു.