75 ന്റെ നിറവില്‍ ശ്രീലത; പാടാന്‍ പോയി, വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങി!

കെ.പി.എ.സിയുടെ നാടകത്തില്‍ പാട്ടുപാടാന്‍ പോയ പെണ്‍കുട്ടി അഭ്രപാളികളിലേക്കുയര്‍ന്ന വിസ്മയമാണ് ശ്രീലത നമ്പൂതിരിയുടെ ജീവിതം. ഫെബ്രുവരി നാലിനു 75 വയസ് തികയുന്ന ശ്രീലത ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു ശ്രീലത. പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍ യുദ്ധകാണ്ഡം, കൂട്ടുകുടുംബം എന്നീ നാടകങ്ങളില്‍ പാടാനാണ് കെ.പി.എ.എസിയില്‍ നിന്ന് ക്ഷണം ലഭിച്ചത്. രണ്ടിലും പാടുകയും അഭിനയിക്കുകയുംചെയ്തു.
പ്രേംനസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കുമാരി തങ്കം അച്ഛന്റെ സഹോദരിയാണ്. ‘വിരുതന്‍ ശങ്കു’വില്‍ അഭിനയിക്കാന്‍ അവര്‍ ക്ഷണിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്രാസിലേക്ക് പോയി. നായകന്‍ അടൂര്‍ ഭാസിയാണന്നറിഞ്ഞതോടെ എനിക്ക് സങ്കടമായി. എന്റെ പ്രായം 16. അദ്ദേഹത്തിന് നാല്‍പ്പത്. മാത്രമല്ല കോമഡി വഴങ്ങില്ലെന്നൊരു തോന്നല്‍.അതിനാല്‍ അഭിനയിച്ചില്ല. അപ്പച്ചിയുടെ വീട്ടില്‍ താമസം തുടരവേ, ആശാചക്രം എന്ന സിനിമയില്‍ സത്യന്‍മാഷിന്റെ മകളായാണ് ആദ്യഅഭിനയം. എം.കൃഷ്ണന്‍നായര്‍ സാര്‍ സംവിധാനം ചെയ്ത ‘പഠിച്ച കള്ള’നിലേക്കായിരുന്നു അടുത്ത ക്ഷണം. ഭാസിച്ചേട്ടന്റെ കൂടെയായിരുന്നു അഭിനയം. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഭാസിച്ചേട്ടനായിരുന്നു ജോഡി. തുടര്‍ന്നങ്ങോട്ട് ചിരിക്കഥാപാത്രങ്ങളുടെ പൂരമായിരുന്നു.

1968 മുതല്‍ 1980 വരെ 12 വര്‍ഷമേ അഭിനയരംഗത്ത് നിന്നുള്ളൂവെങ്കിലും 250 ചിത്രങ്ങളില്‍ വേഷമിട്ടു. ജയന്റെ മരണം സംഭവിച്ച ‘കോളിളക്ക’ത്തിലാണ് അവസാനമഭിനയിച്ചത്. അതിനിടെ മദ്രാസില്‍വച്ച് ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ശിഷ്യയായി നാലുവര്‍ഷം ശാസ്ത്രീയസംഗീതം പഠിച്ചു. 1975ല്‍ ഹരിപ്പാട്ട് സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.16 സിനിമകളില്‍ പാടി.
കല്യാണം കഴിഞ്ഞതോടെ അഭിനയവും സംഗീതവും മതിയാക്കി 23 വര്‍ഷം കുന്നംകുളത്ത് താമസിച്ചു. ഭര്‍ത്താവ് കാലടി നമ്പൂതിരി ഡോക്ടറായിരുന്നു. അദ്ദേഹം ആയുര്‍വേദകോളേജില്‍ പഠിക്കുന്ന കാലത്ത് എനിക്കൊപ്പം ശ്രീകുമാരന്‍ തമ്പിസാര്‍ സംവിധാനം ചെയ്ത ‘വേനലില്‍ ഒരു മഴ’ എന്ന സിനിമയിലഭിനയിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മൂന്ന് സിനിമകളില്‍ക്കൂടി ഒന്നിച്ചഭിനയിച്ചു. 2002ലാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് വീട് വാങ്ങി താമസമാക്കിയത്. 2005ല്‍ ഭര്‍ത്താവ് മരിച്ചു. ഷീല, ജയഭാരതി, ശാരദ, കെ.ആര്‍ വിജയ എന്നിവരുമായി ഇപ്പോഴും അടുപ്പമുണ്ട്.
2006ല്‍ വിനോദയാത്രയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. 2008ലാണ് വീണ്ടും സംഗീതകച്ചേരികള്‍ ആരംഭിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ 1950 ഫെബ്രുവരി നാലിനായിരുന്നു ജനനം. അച്ഛന്‍ മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണന്‍ നായര്‍. അച്ഛന്റെ നാട് തിരുവനന്തപുരമാണ്. സംഗീതാദ്ധ്യാപികയായിരുന്ന അമ്മ കമലമ്മ സംഗീതകച്ചേരികള്‍ നടത്തിയിരുന്നു. മകന്‍ വിശാഖും മകള്‍ ഗംഗയും കുടുംബ സമേതം യു.കെയിലാണ്. മരുമകള്‍ ഐശ്വര്യ, പേരക്കുട്ടി പ്രിയദത്ത.