IndiaNEWS

ഡൽഹിയിലെ 8 എംഎൽഎമാരുടെ രാജി: ആം ആദ്മിയുടെ വിജയത്തെ ഈ രാജി ബാധിക്കുമോ…?

നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ 3  ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ പാർട്ടിവിട്ട് 8  ആം ആദ്മി  എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഈ രാജി രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രാജികൾ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ചർച്ച ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 എം.എൽ.എമാർക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു രാജി.

ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി, രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ്  രാജിവെച്ച് ബി.ജെ.പിയിൽ അം​ഗത്വമെടുത്തത്.

Signature-ad

രാജിക്ക് പിന്നിലെ കാരണങ്ങൾ

രാജിവെച്ച എംഎൽഎമാരുടെ പ്രധാന ആരോപണം, ആം ആദ്മി പാർട്ടിയും  ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും തങ്ങളോട് വിശ്വാസവഞ്ചന ചെയ്തുവെന്നാണ്. ആം ആദ്മി പാർട്ടി ദലിത്/വാൽമീകി സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് രോഹിത് കുമാർ ആരോപിച്ചിട്ടുണ്ട്. ‘ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ദലിത് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളെ വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചു.’ അദ്ദേഹം പറഞ്ഞു.

ഇതുപോലെ, ഭാവന ഗൗഡും മദൻ ലാലും പാർട്ടിയിലും കെജ്രിവാളിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് രാജിവെച്ചത്. ജനക്പുരി മണ്ഡലത്തിലെ രാജേഷ് ഋഷി പാർട്ടി അഴിമതിരഹിത ഭരണം, സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ തത്വങ്ങൾ ഉപേക്ഷിച്ചുവെന്ന് ആരോപിച്ചു. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ  സത്യസന്ധതയില്ല എന്നായിരുന്നു പവൻ ശർമ ചൂണ്ടിക്കാണിച്ചത്.

രാഷ്ട്രീയ തന്ത്രം

ഡൽഹിയിൽ ഫെബ്രുവരി 5ന് വോട്ടെടുപ്പും ഫെബ്രുവരി 8ന് ഫലപ്രഖ്യാപനവും നടക്കും. ഈ സമയത്ത് 8 എംഎൽഎമാരുടെ രാജി ആം ആദ്മി പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്.

2020-ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70-ൽ 62 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ 17 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകിയിട്ടില്ല. പകരം 4  പേരുടെ കുടുംബാംഗങ്ങൾക്ക് സീറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ 21 എംഎൽഎമാർക്ക് ഇത്തവണ സീറ്റ് നഷ്ടമായി. എന്നിരുന്നാലും, ആം ആദ്മി പാർട്ടിയിലെ നിരവധി സിറ്റിംഗ് എംഎൽഎമാർ തങ്ങൾ പാർട്ടിയിൽ തുടരുമെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ പാർട്ടിയുടെ പ്രധാന മുഖമായ ദിലീപ് കുമാർ പാണ്ഡെയും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ?

ഈ രാജികൾ തിരഞ്ഞെടുപ്പ് ഫലത്തെ ഗണ്യമായി ബാധിക്കില്ലെന്നാണ് പ്രമോദ് ജോഷി അടക്കമുള്ളവരുടെ നിരീക്ഷണം.

”രാജി കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനോ തോൽക്കാനോ സാധ്യതയില്ല. വോട്ടർമാർ തങ്ങളുടെ തീരുമാനം ഇതിനകം എടുത്തിട്ടുണ്ടാകും. എന്നാൽ, ഇത്തരം സംഭവങ്ങൾ പാർട്ടി പ്രവർത്തകരുടെ ഉത്സാഹത്തെ ബാധിക്കും. ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ തിരഞ്ഞെടുപ്പിൽ സജീവമാണ്. ഡൽഹി തിരഞ്ഞെടുപ്പിനെ ബിജെപി ഒരു അഭിമാന പ്രശ്നമായി കണക്കാക്കുന്നു. അവസാന നിമിഷത്തിൽ ഇത്തരം സംഭവങ്ങൾ ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരിക്കാം.” അദ്ദേഹം വ്യക്തമാക്കി.

അതേസമയം,ഈ രാജികൾ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് കരുതുന്ന ചിലരുമുണ്ട്. എന്തായാലൂം കെജ്‌രിവാളിന് തിരിച്ചടി നൽകിയ   8 രാജികൾ തിരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാവൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: