
പത്തനംതിട്ട: ഭര്‍ത്താവും രഹസ്യ കാമുകിയുമായുള്ള സംഭാഷണവും ചിത്രങ്ങളും മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയ്ക്കു നൽകി. സമചിത്തത നഷ്ടപ്പെട്ട ഭാര്യ ഉടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ മൊബൈൽ ടെക്നീഷ്യനായ യുവാവിനെതിരേ പെലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പൊലീസ് കേസെടുത്തത്.
നന്നാക്കാൻ കിട്ടിയ മൊബൈൽ ഫോണിൽ നിന്നാണ് ടെക്നീഷ്യൻ വിവരങ്ങൾ ചോർത്തിയത്. ഫോണിൻ്റെ ഗാലറിയും വാട്‌സാപ്പും മെസേജിങ് ആപ്പുകളുമൊക്കെ തുറന്ന് കണ്ട ഇയാൾ കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡും ഫോട്ടോകളുമെല്ലാം ഫോൺ ഉടമയുടെ ഭാര്യയ്ക്ക് എത്തിച്ചു കൊടുത്തു.

തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കിയത്. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റി. തുടർന്ന് അവ പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് ആദ്യം അയച്ചു കൊടുത്തു.
പിന്നീട് പരാതിക്കാരനായ ഗൃഹനാഥൻ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീന്‍ അയാളുടെ ഭാര്യയെ ശബ്ദരേഖകള്‍ കേള്‍പ്പിക്കുകയും സന്ദേശങ്ങളും ഫോട്ടോകളും കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ വിവരം കാട്ടി പത്തനംതിട്ട എസ്.പിക്ക് നല്‍കിയ പരാതിയിൽ ഇപ്പോള്‍ ഐ.ടി ആക്ടിലെ 66,43 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുകയാണ്.
ഈ കഥയിലെ കാമുകിയും, ടെക്നീഷ്യനെതിരെ മറ്റൊരു പരാതി നൽകിയതായാണ് ഒടുവിൽ ലഭിച്ച വിവരം. നടുറോഡിൽ വച്ച് രാത്രി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. എന്തായാലും പുലിവാല് പിടിച്ചിരിക്കുകയാണ് മൊബൈൽ ടെക്നീഷ്യൻ.