
ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബാലരാമപുരത്ത് അമ്മാവൻ രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം രാവിലെയാണ് ഇടത്തീയായി മലയാളിയുടെ കർണപുടങ്ങളിൽ പതിച്ചത്. വൈകുന്നേരം ആഘാതമായി മറ്റൊരു വാർത്ത എത്തി. ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു…! ഹൈറേഞ്ചിലെ ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു.
ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയാണ്. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ, പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റും.