
കാൻസർ പിടിമുറുക്കുന്നതിന് 20 വർഷം മുൻപേ തടയാൻ സാധിക്കുന്ന പുതിയ വാക്സിൻ കണ്ടുപിടിച്ച് ശാസ്ത്രലോകം. കാൻസർ കോശങ്ങൾ എങ്ങനെയാണ് രൂപാന്തരം പ്രാപിക്കുന്നതെന്നും, രോഗം എങ്ങനെയാണ് വളരുന്നത് എന്നതും വിശകലനം ചെയ്ത്, രോഗം തുടക്കത്തിലേ ഇല്ലാതാക്കുക എന്നതാണ് വാക്സിന്റെ ലക്ഷ്യം. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ആഗോള ഫാർമസ്യൂട്ടിക്കൽ ഭീമനായ ജി എസ് കെയും ചേർന്നാണ് ‘കാൻസർ ഇമ്മ്യൂണോ-പ്രിവെൻഷൻ പ്രോഗ്രാം’ എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഒറ്റ ഡോസ് വാക്സിനോ അല്ലെങ്കിൽ നിരവധി വാക്സിനുകളോ ഉപയോഗിച്ച് രോഗത്തെ തടയുകയാണ് ലക്ഷ്യം.

”കണ്ടുപിടിക്കാൻ കഴിയാത്തതിനെ കണ്ടെത്താൻ കഴിയും.”
ഇതേ കുറിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ സാറാ ബ്ലാഗ്ഡെൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ജി എസ് കെ-ഓക്സ്ഫോർഡ് കാൻസർ ഇമ്മ്യൂണോ-പ്രിവെൻഷൻ പ്രോഗ്രാമിന്റെ ഉപമേധാവിയാണ് പ്രൊഫസർ ബ്ലാഗ്ഡെൻ. കാൻസർ കോശങ്ങൾ രോഗമായി മാറുന്നതിന് മുൻപേ തടയാൻ വാക്സിന് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
”കാൻസർ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന രോഗമല്ല. ഒന്നോ രണ്ടോ വർഷം കൊണ്ട് രോഗം വളരുമെന്നാണ് സാധാരണയായി കരുതുന്നത്. എന്നാൽ കാൻസർ ഒരു സാധാരണ കോശത്തിൽ നിന്ന് കാൻസർ കോശമായി മാറാൻ ഏകദേശം 20 വർഷം വരെ എടുക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഈ സമയത്ത്, മിക്ക കാൻസറുകളും ശരീരത്തിൽ കണ്ടെത്താൻ കഴിയില്ല. വാക്സിന്റെ ലക്ഷ്യം കാൻസർ വന്ന ശേഷം അതിനെതിരെ കുത്തിവയ്പ്പ് എടുക്കുക എന്നതല്ല, രോഗം വരുന്നതിന് മുൻപ്, അതായത് പ്രീ-കാൻസർ ഘട്ടത്തിൽ തന്നെ വാക്സിൻ എടുത്ത് രോഗത്തെ തടയുകയാണ്.”
പ്രൊഫസർ ബ്ലാഗ്ഡെൻ വിശദീകരിച്ചു.
ശാസ്ത്രീയ നേട്ടങ്ങളുടെ പിൻബലത്തിലാണ് ഈ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. കാൻസർ കോശങ്ങൾ കാൻസറിലേക്ക് മാറുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളെ ലക്ഷ്യമിട്ടാണ് വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്. നിലവിൽ കാൻസർ വന്ന ശേഷം രോഗം വീണ്ടും വരാതിരിക്കാൻ വാക്സിനുകൾ ഉണ്ട്. എന്നാൽ രോഗം തുടങ്ങുന്നതിന് മുൻപേ തടയുന്ന വാക്സിനാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.
2021-ലാണ് ജി എസ് കെയും ഓക്സ്ഫോർഡും ചേർന്ന് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ ആൻഡ് കമ്പ്യൂട്ടേഷണൽ മെഡിസിൻ’ സ്ഥാപിച്ചത്. ജി എസ് കെ മൂന്ന് വർഷത്തിനുള്ളിൽ 50 മില്യൺ പൗണ്ട് വരെ ഈ പദ്ധതിയിൽ നിക്ഷേപം നടത്തും. 2023-ൽ ലോകമെമ്പാടും 20 ദശലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 9.7 ദശലക്ഷം ആളുകൾ കാൻസർ ബാധിച്ച് മരിക്കുകയും ചെയ്തു. 2020-ൽ ഇത് 10 ദശലക്ഷം ആയിരുന്നു. ശ്വാസകോശം, കുടൽ, കരൾ, ആമാശയം എന്നിവിടങ്ങളിലെ കാൻസറുകളാണ് ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്.