![](https://newsthen.com/wp-content/uploads/2025/01/pv-anwar-3.jpg)
മലപ്പുറം: യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്നു തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി.അന്‍വര്‍. മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണു സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ല. ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണു പങ്കെടുക്കുകയെന്നും അന്‍വര്‍ പറഞ്ഞു. എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.
മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി പി.വി.അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താന്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ സതീശനെ ധരിപ്പിച്ചു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഈ സാഹചര്യങ്ങളാല്‍, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം. യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു. യുഡിഎഫില്‍ ചേരാനായി തൃണമൂല്‍ കോണ്‍ഗ്രസ് കേരളാ ഘടകം അപേക്ഷ നല്‍കിയിട്ടുണ്ട്.