![](https://newsthen.com/wp-content/uploads/2025/01/pkd-chenthamara-4.jpg)
പാലക്കാട്: രാപകലുകള്‍ നീണ്ട തിരച്ചിലിനും കാടും മലയും പുഴയും താണ്ടിയുള്ള പരിശോധനകള്‍ക്കുമൊടുവില്‍ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ രാത്രി വൈകി പിടികൂടിയതോടെ നാട്ടുകാര്‍ക്കൊപ്പം പൊലീസിനും ആശ്വാസം. കേസില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.മഹേന്ദ്രസിംഹനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതി ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പൊലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
അതേസമയം, പ്രതിഷേധവുമായി സ്റ്റേഷന്‍ പരിസരത്തു തമ്പടിച്ച നാട്ടുകാര്‍ക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴുണ്ടായ ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു. ജനം സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഗത്യന്തരമില്ലാതെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ അടികൊണ്ടിട്ടും മാറാതിരുന്നവര്‍ പെപ്പര്‍ സ്‌പ്രേയില്‍ പിന്തിരിഞ്ഞോടി. നാട്ടുകാര്‍ വൈകാരികമായി പ്രതികരിച്ചതോടെയാണ് പൊലീസിന് ഒടുവില്‍ ലാത്തിച്ചാര്‍ജും പെപ്പര്‍ സ്‌പ്രേ പ്രയോഗവും നടത്തേണ്ടി വന്നത്.