
ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ് അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.
പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം 5000 ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.
മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാം.
.