പ്രത്യുല്‍പ്പാദനം കുറഞ്ഞാല്‍ വേര്‍പിരിയും, പെന്‍ഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം!
ജീവിതകാലം മുഴുവന്‍ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെന്‍ഗ്വിനുകളെ കണ്ടിരുന്നത്. എന്നാല്‍ പെന്‍ഗ്വിനുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിയെന്നും പങ്കാളികളില്‍ തൃപ്തരല്ലാത്തവര്‍ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആന്‍ഡ് എവല്യൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു.
ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. ഓസ്ട്രേലിയയയിലെ ഫിലിപ്പ് ദ്വീപില്‍ ഉണ്ടായിരുന്ന 37,000 ചെറിയ പെന്‍ഗ്വിനുകളുടെ കോളനിയില്‍ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതില്‍ നിന്നും, പെന്‍ഗ്വിനുകളില്‍ വേര്‍പിരിയല്‍ സാധരണമാണെന്നും, അവര്‍ മികച്ച പങ്കാളികള്‍ക്കായി ദീര്‍ഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ഭക്ഷ്യക്ഷാമം, അസ്ഥിരമായ ആവാസവ്യവസ്ഥ എന്നിവ ദീര്‍ഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകര്‍ക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പെന്‍ഗ്വിനുകളുടെ വേര്‍പിരിയലെന്ന് ഓസ്‌ട്രേലിയയിലെ മോണാഷ് സര്‍വകലാശാലയിലെ ഈക്കോഫിസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഗവേഷണ ഗ്രൂപ്പിന്റെ തലവനായ റിച്ചാര്‍ഡ് റെയ്‌ന പറഞ്ഞു.
പെന്‍ഗ്വിനുകളുടെ പങ്കാളി മരിച്ചാല്‍ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള കണ്ടെന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തരംഗമാണ്. എന്നാല്‍ ഈ പുതിയ പഠനം പെന്‍ഗ്വിനുകളുടെ ജീവിതത്തിലും പ്രണയ സങ്കീര്‍ണതകള്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ്. പെന്‍ഗ്വിനുകളുടെ വേര്‍പിരിയല്‍ നിരക്കിലെ ആശ്ചര്യകരമായ വര്‍ധന ഗവേഷകരെയും വന്യജീവി പ്രേമികളെയും വരെ ആശ്ചര്യപ്പെടുത്തുകയാണ്. ഫിലിപ്പ് ദ്വീപിലെ ചെറിയ പെന്‍ഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷി ഇനങ്ങളുടെ സാമൂഹികരീതിയെക്കുറിച്ച് നിര്‍ണായകമായ ധാരണ നല്‍കുന്നുവെന്നും പെന്‍ഗ്വിനുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു.