തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ രണ്ട് യുവാക്കള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയത് സിന്തറ്റിക് ലഹരിയായ എംഡിഎംഎയാണ്. ബംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് സാധനം എത്തിച്ചത്. ട്രെയിന്‍ ഇറങ്ങി ഇരുചക്രവാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.
വര്‍ക്കല സ്വദേശികളായ മുഹമ്മദ് അഫ്നാന്‍, മുഹ്സിന്‍ എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി എക്സ് റേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം തെളിവ് സഹിതം പിടികൂടിയത്.
പ്രതി അഫ്നാന്റെ മലദ്വാരത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പ്രതിക്ക് എംഡിഎംഎ ഉപയോഗം ഉള്‍പ്പെടെയുള്ള ലഹരി സംബന്ധമായ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ശരീരപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ജനുവരി മാസത്തില്‍ തന്നെ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി പരിധിയില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ കേസാണ് റൂറല്‍ ഡന്‍സാഫ് സംഘം പിടികൂടുന്നത്.