ഭാരതത്തിൻ്റെ വീര പുത്രൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ് ജനുവരി 23. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തവുമായി വിയോജിച്ച് പോരാട്ടരംഗത്ത് സ്വന്തം വഴി സ്വീകരിച്ച ധീര ദേശാഭിമാനിയാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാരെ വിറപ്പിച്ച അദ്ദേഹത്തെ ഇന്ത്യക്കാർ സ്നേഹപൂർവ്വം നേതാജിയെന്ന് വിളിക്കുന്നു. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നാണ് മഹാത്മജി സുഭാഷിനെ വിശേഷിപ്പിച്ചത്.
നേതാജിയുടെ ധീരതയെയും രാജ്യ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായി അദ്ദേഹത്തിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കാൻ തീരുമാനിച്ചിരുന്നു. നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകേണ്ടതുണ്ട് എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും ദേശസ്നേഹത്തിന്റെ ആവേശം പകരാനും രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചപ്പോൾ തിരിച്ച് മഹാത്മ എന്ന് അഭിസംബോധന ചെയ്തതാണ് നേതാജി പ്രതികരിച്ചത്.
1897 ജനുവരി 23ന് കട്ടക്കിൽ ജനിച്ച നേതാജിക്ക് ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശനം ലഭിച്ചെങ്കിലും സ്വാതന്ത്ര്യസമര തീ ചൂളയിലേക്ക് എടുത്തുചാടാൻ ആ പദവി ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ വിഭാഗത്തെ നയിക്കാന്‍ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്രുവിനെ പിന്തുടര്‍ന്നു. താമസിയാതെ 1938-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ഉയര്‍ന്നു സുഭാഷ് ചന്ദ്രബോസ്.
മഹാത്മാഗാന്ധി പിന്തുണച്ചിരുന്ന സ്ഥാനാർത്ഥിയായ പട്ടഭി സീതാരാമയ്യയെ പരാജയപ്പെടുത്തി 1939-ല്‍ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പാർട്ടി നേതാക്കളുടെ പിന്തുണയില്ലാത്ത പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കേണ്ടി വന്നതിനാൽ അദ്ദേഹത്തിന് പദവി രാജിവക്കേണ്ടി വരികയും ചെയ്തു.
ഗാന്ധിയൻ നയങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന നേതാജി കോൺഗ്രസ് വിട്ട് ഫോർവേഡ് ബ്ലോക്ക് എന്നൊരു സ്വന്തം പാർട്ടി രൂപീകരിച്ചതും ആ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കിയ ബ്രിട്ടീഷ് നടപടിയെ ചോദ്യം ചെയ്ത് നാസി ജര്‍മ്മനിയുടെയും സാമ്രാജ്യത്വ ജപ്പാന്റെയും സഹായത്തോടെ ബ്രിട്ടീഷ് രാജില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള തീവ്രശ്രമങ്ങൾ അദ്ദേഹം തന്റേതായ വഴിയിൽ നടത്തുകയുണ്ടായി.
അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പല കോണുകളിൽ നിന്നും വിമര്‍ശനത്തിന് വഴിവച്ചു. നേതാജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രൂപത്തിൽ പോലും ചില രാഷ്ട്രീയ നേതൃത്വങ്ങൾ പ്രതികരിച്ചിരുന്നു.
രണ്ടാം ലോക മഹായുദ്ധം 1940-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. അവിശ്വസനീയമായ രൂപത്തിൽ ഒരു മുസ്ലിം വൃദ്ധന്റെ രൂപത്തിൽ ആൾമാറാട്ടം നടത്തി ബ്രിട്ടീഷ് പട്ടാളത്തെ പറ്റിച്ച് 1941 ഏപ്രിലില്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി. അഡോള്‍ഫ് ഹിറ്റ്ലറുമായി ബന്ധം പുലർത്തി.
ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന തന്റെ സൈന്യത്തെ പിന്നീട് അദ്ദേഹം ജാപ്പനീസ് പിന്തുണയോടെ ആസാദ് ഹിന്ദ് ഫൗജ് എന്ന പേരിൽ നവീകരിച്ചു. താമസിയാതെ, ജാപ്പനീസ് അധിനിവേശ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ബോസിന്റെ അധ്യക്ഷതയില്‍ സ്വതന്ത്ര ഇന്ത്യയുടെ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചു. സിംഗപ്പൂരിൽ വച്ച് സ്വതന്ത്ര ഭാരത സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുകയും നേതാജി രാഷ്ട്രത്തലവനായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ജീവിതത്തിൽ എന്നും തുടർന്ന പോരാട്ട വീര്യം മരണത്തിലെ ദുരൂഹതയിലും നേതാജി ബാക്കിവെച്ചു. 1945 ആഗസ്റ്റ് 18ന് 48-ാമത് വയസ്സിൽ സംഭവിച്ച വിമാന ദുരന്തത്തിൽ നേതാജി കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്നും സ്ഥിരീകരിക്കപ്പെട്ടില്ല. നേതാജിയുടെ വിയോഗം ഇപ്പോഴും ദുരൂഹമായി തുടരുന്നു.
തായ് വാനിലെ ഒരു വിമാനാപകടത്തില്‍ പൊള്ളലേറ്റാണ് അദ്ദേഹം മരിച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നേതാജിയുടെ മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലവിലുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും വിമാനാപകട വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഒട്ടേറെപ്പേര്‍ വിശ്വസിച്ചുപോന്നിരുന്നു. നേതാജിയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ നിരവധി കമ്മീഷനുകൾ രൂപീകരിക്കപ്പെട്ടുവെങ്കിലും കൃത്യമായ ഒരു മറുപടി ലഭിക്കാതെ ദുരൂഹ സമസ്യയായി ഇന്നും തുടരുകയാണ്.