CrimeNEWS

വായ്പയെടുത്തയാള്‍ മരിച്ചു; ഇടനിലക്കാരനെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു

പാലക്കാട്: ഫൈനാന്‍സ് സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തയാള്‍ മരിച്ചതിനെ തുടര്‍ന്ന് വായ്പക്ക് ഇടനില നിന്നയാളെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു. കുഴല്‍മന്ദം ചിതലി പഴയകളം വീട്ടില്‍ പ്രമോദാണ് (45) മര്‍ദനത്തിനിരയായത്. പരിക്കേറ്റ പ്രമോദിനെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

കുഴല്‍മന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നല്‍കിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആര്‍.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നല്‍കി. പലിശയിനത്തില്‍ കുറച്ച് തുക സന്ദീപ് നല്‍കിയിരുന്നു. എന്നാല്‍, നാല് മാസം മുമ്പ് സന്ദീപ് മരിച്ചു.

Signature-ad

വായ്പാതുക തിരിച്ച് ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫൈനാന്‍സ് ഉടമയും സംഘവും പ്രമോദിന്റെ വീട്ടിലെത്തി ഭാര്യ അനിതയെയും മകളെയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പ്രമോദ് സംഘത്തെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തു. ആ സമയം ഫൈനാന്‍സ് ഉടമ കാറുകൊണ്ട് ഇടിച്ച് പ്രമോദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി പ്രമോദ് കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറുകയായിരുന്നു. പ്രമോദിനെയും വഹിച്ച് കാര്‍ 150 മീറ്ററോളം മുന്നോട്ട് പോയി. ഇതിനിടെ പ്രമോദ് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രമോദിന്റെ പരാതിയില്‍ ഫൈനാന്‍സ് ഉടമക്കും സംഘത്തിനുമെതിരെ കുഴല്‍മന്ദം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: