പാലക്കാട്: തൃത്താലയില്‍ അദ്ധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.
കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, അദ്ധ്യാപകരുടെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകര്‍ക്കുനേരെ പ്‌ളസ് വണ്‍കാരന്‍ കൊലവിളി നടത്തിയത് . പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു.
ഫോണ്‍ വാങ്ങിയതില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനുമായി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാര്‍ത്ഥി അദ്ധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തിയത്.
തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി പ്രധാനാദ്ധ്യാപകനോട് പറഞ്ഞത്. അദ്ധ്യാപകന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നായി ഭീഷണി. പുറത്തിറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അദ്ധ്യാപകന്‍ ചോദിച്ചതോടെയാണ് കൊന്നുകളയുമെന്ന് വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ധ്യാപകരും പി.ടി.എയും തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.