CrimeNEWS

11 മാസത്തിനിടെ 16,000 ഫോണ്‍ കോള്‍ ചെയ്തിട്ടും പരിഗണിച്ചില്ല; കാമുകിയെയും കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്നൗ: തന്നെ അവഗണിച്ച വിവാഹിതയായ കാമുകിയെയും അവരുടെ ആറ് വയസ്സുള്ള കുട്ടിയെയും 25കാരന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മല്ലിഹാബാദ് സ്വദേശിയായ ഗീതയും അവരുടെ മകള്‍ ദീപികയുമാണ് കൊല്ലപ്പെട്ടത്. ജനുവരി 15നാണ് സംഭവം. ഗീതയുടെ അകന്ന ബന്ധുവായ വികാസ് ജയ്സ്വാള്‍ ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. ഗീതയ്ക്ക് പണമായും ആഭരണങ്ങളായും ധാരാളം സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിട്ടും അവര്‍ തന്നെ അവഗണിച്ചതായും തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും വികാസ് പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ഗീതയുടെ ഭര്‍ത്താവ് പ്രകാശ് കനൗജ മുംബൈയിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍, ഗീതയും അവരുടെ ആറു വയസ്സുകാരിയായ മകള്‍ ദീപികയും നാല് വയസ്സുള്ള മകന്‍ ദീപാന്‍ഷുവും യുപിയിലെ വീട്ടിലാണ് താമസം. സംഭവം നടന്ന ദിവസം ദിപാന്‍ഷു ബന്ധുവീട്ടിലായിരുന്നു. ഗീതയും ദീപികയും വീട്ടില്‍ തനിച്ചായിരുന്നു. ഗീതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം അറിയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വീടിനുള്ളില്‍ കയറി പറ്റാന്‍ കഴിയാത്തതിനാല്‍ ഏണി വെച്ച് ബന്ധുക്കള്‍ വീടിനു മുകളില്‍ കയറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഗീതയുടെയും ദീപികയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ ആഴമേറിയ പരിക്കുകളുണ്ടായിരുന്നു. കൂടാതെ, കഴുത്ത് അറുത്ത നിലയിലുമായിരുന്നു.

Signature-ad

അറസ്റ്റിലേക്ക് നയിച്ചത് ഫോണ്‍ കോളുകള്‍

കൊലപാതകം നടന്ന വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി വെസ്റ്റ് സോണ്‍ ഡിസിപി വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ 11 മാസത്തിനിടെ വികാസ് ഗീതയെ 1600 തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാസ് തങ്ങളുടെ വീട്ടില്‍ പതിവായി എത്താറുണ്ടെന്ന് ഗീതയുടെ മകന്‍ ദീപാന്‍ഷു പോലീസിന് മൊഴി നല്‍കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോവിഡ് 19 വ്യാപന കാലത്താണ് ഗീതയുമായി അടുപ്പം സ്ഥാപിച്ചതെന്ന് വികാസ് പോലീസിനോട് പറഞ്ഞു. ഈ സമയം ഗീതയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. താന്‍ സമ്പാദിച്ച തുകയുടെ ഭൂരിഭാഗവും ഗീതയ്ക്ക് നല്‍കിയതായും അവരുടെ അഭ്യര്‍ത്ഥപ്രകാരമാണ് കുവൈത്തില്‍ നിന്ന് തിരികെ എത്തിയതെന്നും വികാസ് പറഞ്ഞു. എന്നാല്‍, അടുത്ത കാലത്തായി ഗീത തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വികാസ് പോലീസിന് മൊഴി നല്‍കി.
ജനുവരി 15ന് രാത്രി ജയ്സ്വാള്‍ ഗീതയുടെ വീട്ടിലെത്തി. ബഹളം വെച്ച് ഗീതയെ ഉണര്‍ത്തി. എന്നാല്‍, ഗീത വികാസിനോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ ബഹളമായി. ഇതില്‍ പ്രകോപിതനായ ജയ്സ്വാള്‍ ഒരു വടി ഉപയോഗിച്ച് അവളെ ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ദീപികയെയും വികാസ് ആക്രമിച്ചു. തുടര്‍ന്ന് അടുക്കളയിലെ കത്തി ഉപയോഗിച്ച് രണ്ടുപേരുടെയും കഴുത്ത് അറക്കുകയായിരുന്നു.

കൊലപാതകങ്ങള്‍ക്ക് ശേഷം ജയ്സ്വാള്‍ കൈകള്‍ കഴുകി വൃത്തിയാക്കി. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനായി താന്‍ മുമ്പ് ഗീതയ്ക്ക് വാങ്ങി നല്‍കിയ ആഭരണങ്ങള്‍ മോഷ്ടിച്ച് തന്റെ ഇരുചക്രവാഹനത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനിടെ വികാസ് ഗീതയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതായി നടിച്ച് കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

ജയ്സ്വാളിന്റെ പ്രവര്‍ത്തികളും ഫോണ്‍രേഖകളും പരിശോധിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, മോഷ്ടിച്ച ആഭരണങ്ങള്‍, കൊലപാതകശേഷം രക്ഷപ്പെട്ട ഇരുചക്രവാഹനം, 760 രൂപ എന്നിവ ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തു.

 

Back to top button
error: