കണ്ണൂര്‍: നവജാതശിശുവിന്റെ ശരീരത്തില്‍ കുത്തിവെപ്പിനിടെ കുടുങ്ങിയ സൂചി നീക്കിയത് 25 ദിവസത്തിനുശേഷം. പെരിങ്ങോം സ്വദേശികളായ ടി.വി. ശ്രീജിന്റെയും കെ.ആര്‍. രേവതിയുടെയും 28 ദിവസം പ്രായമായ കുഞ്ഞിന്റെ തുടയിലാണ് ബി.സി.ജി. എടുത്തപ്പോള്‍ സൂചി കുടുങ്ങിയത്.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു രേവതി കുഞ്ഞിന് ജന്മം നല്കിയത്. ഡിസംബര്‍ 25-നാണ് അവിടെനിന്ന് വാക്‌സിന്‍ എടുത്തത്. 14 ദിവസം കഴിഞ്ഞ് ആസ്പത്രിയില്‍ വരണമെന്ന് പറഞ്ഞിരുന്നു. ശരീരത്തില്‍ പല ഭാഗത്തും പഴുപ്പ് വന്നതിനാല്‍ വീണ്ടും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോയി. പഴുപ്പ് മാറാന്‍ കുട്ടിക്ക് ആന്റിബയോട്ടിക്ക് നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീട് കുട്ടി നിരന്തരം കരയുകയും ക്ഷീണിതയാവുകയും ചെയ്തു. 25 ദിവസമായിട്ടും പഴുപ്പ് മാറാത്തതിനാല്‍ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പോയി. അവിടെനിന്നാണ് സൂചി പുറത്തെടുത്തത്. സംഭവത്തില്‍ വീട്ടുകാര്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.
നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണമെന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.