CrimeNEWS

ജനരോഷം അണപൊട്ടി: ചേന്ദമംഗലത്ത് 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

   എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ഇതിനു മുമ്പ്  ഋതു ജയനെ നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ ഹാജരാക്കിയപ്പോഴും  ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായി. ഋതു ഇവരുടെ അയല്‍വാസിയാണ്. സംഘര്‍ഷാവസ്ഥയെ  തുടര്‍ന്ന് പൊലീസ് എത്തി വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റി. രണ്ടു പേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ഗുരുതരമായി പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

ഇതിനിടെ കേസിലെ പ്രതി റിതു ജയന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ അറിയിച്ചു. റിതുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായ ഇയാള്‍ മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് പല കേസുകളില്‍ നിന്നും തലയൂരുന്നത്. ചേന്ദമംഗലം കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പൊലീസ് പരിശോധിച്ചു. ഇയാള്‍ എവിടെയും മാനസിക പ്രശ്‌നങ്ങള്‍ക്ക്   ചികിത്സ തേടിയിട്ടില്ലെന്നും വ്യക്തമായി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ പ്രതി ലഹരിക്ക് അടിമയല്ലെന്നും കണ്ടെത്തി.

  കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തു. വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലപാതകത്തിനു 2 ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

Back to top button
error: